കോവിഡ് കാരണം റിലീസ് മാറ്റിവെച്ച ‘കർണൻ നെപ്പോളിയൻ ഭഗത് സിംഗ്’ സിനിമ തിയറ്ററുകളിൽ റിലീസ് ചെയ്യും. ചിത്രത്തിന്റെ റിലീസ് തീയതി പ്രഖ്യാപിച്ചു. ചിത്രം ഫെബ്രുവരി നാലിന് തിയറ്ററുകളിൽ റിലീസ് ചെയ്യും. ജനുവരി 28ന് ആയിരുന്നു നേരത്തെ ചിത്രത്തിന്റെ റിലീസ് തീരുമാനിച്ചിരുന്നത്. എന്നാൽ, കോവിഡ് വ്യാപനം രൂക്ഷമായതിനെ തുടർന്ന് അഞ്ചു ജില്ലകൾ സി കാറ്റഗറിയിൽ ഉൾപ്പെടുത്തിയിരുന്നു. ഇതിനെ തുടർന്നാണ് ചിത്രത്തിന്റെ റിലീസ് മാറ്റിവെച്ചത്.
ഫസ്റ്റ് പേജ് എന്റെർറ്റൈന്മെന്റിന്റെ ബാനറിൽ മോനു പഴേടത്ത് നിർമ്മിച്ചിരിക്കുന്ന കർണൻ നെപ്പോളിയൻ ഭഗത്സിംഗിന്റെ രചനയും സംവിധാനവും നിർവഹിച്ചിരിക്കുന്നത് ശരത് ജി മോഹനാണ്. ധീരജ് ഡെന്നിയും ആദ്യാ പ്രസാദും ആണ് ‘കർണൻ നെപ്പോളിയൻ ഭഗത് സിംഗ്’ എന്ന ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
ഇന്ദ്രൻസ്, നന്ദു, ജോയ് മാത്യു, ജാഫർ ഇടുക്കി, സുധീർ കരമന, വിജയ കുമാർ തുടങ്ങി നിരവധി താരങ്ങളാണ് ചിത്രത്തിൽ അഭിനയിക്കുന്നത്. രഞ്ജിൻ രാജിന്റേതാണ് ചിത്രത്തിന്റെ സംഗീതം. റഫീറ് അഹമ്മദ്, ബി കെ ഹരിനാരായണൻ, അജീഷ് ദാസൻ, ശരത് ജി മോഹൻ എന്നിവരാണ് ചിത്രത്തിനായി പാട്ടുകൾ എഴുതിയത്. ക്യാമറ – പ്രശാന്ത് കൃഷ്ണ, എഡിറ്റർ – റെക്സൺ ജോസഫ്.