പ്രശസ്ത സംവിധായകൻ ജിത്തു ജോസഫ് കാർത്തിയെ നായകനാക്കി ഒരുക്കുന്ന പുതിയ ചിത്രത്തിന്റെ അവസാനഘട്ട ജോലികൾ ഇപ്പോൾ പൂർത്തിയായിക്കൊണ്ടിരിക്കുകയണ്. കാർത്തിയുടെ കൈതി എന്ന ചിത്രം മികച്ച പ്രേക്ഷക സ്വീകാര്യതയോടെ തിയേറ്ററുകളിൽ മുന്നേറുകയാണ്. കാർത്തിയുടെ കരിയറിലെ തന്നെ ഏറ്റവും വലിയ ചിത്രമാണ് കൈതി. കൈദിക്ക് ശേഷം പുറത്തിറങ്ങുന്നത് ജിത്തു ജോസഫ് സംവിധാനം ചെയ്യുന്ന ഈ ചിത്രം ആയിരിക്കും. ഡിസംബർ 20 ഓടെ ക്രിസ്മസ് റിലീസായി ചിത്രം തിയേറ്ററുകളിലെത്തും. ഒരു യമണ്ടൻ പ്രേമകഥ, അരവിന്ദന്റെ അതിഥികൾ എന്നീ ചിത്രങ്ങളിലൂടെ മലയാളികളുടെ മനസിൽ ചേക്കേറിയ നിഖില വിമൽ ആണ് ചിത്രത്തിൽ നായികയായി എത്തുന്നത്. കാർത്തിയുടെ സഹോദരനായ സൂര്യയും ഭാര്യ ജ്യോതികയും ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തുന്നു എന്നത് ഈ ചിത്രത്തിലെ മറ്റൊരു പ്രത്യേകതയാണ്.
ആദ്യമായാണ് ജ്യോതികയും കാർത്തിയും ഒരു ചിത്രത്തിൽ ഒന്നിക്കുന്നത്. ചിത്രത്തെ പറ്റിയുള്ള കൂടുതൽ വിവരങ്ങൾ അണിയറപ്രവർത്തകർ പുറത്തുവിട്ടിട്ടില്ല. വരും ദിവസങ്ങളിൽ ചിത്രത്തിലെ ഗാനങ്ങളും ട്രെയിലറുകളും പുറത്തുവിടുന്നതാണെന്ന് അണിയറപ്രവർത്തകർ അറിയിച്ചിട്ടുണ്ട്. ജിത്തു ജോസഫ് സംവിധാനം ചെയ്യുന്ന കാർത്തിയുടെ പുതിയ ചിത്രത്തിലും കൈതിയുടെതുപോലെ സ്വീകാര്യത ലഭിക്കുമെന്നാണ് ആരാധകർ പ്രതീക്ഷിക്കുന്നത്.
അതേ സമയം ബോക്സ് ഓഫീസിലും വമ്പൻ വിജയമാണ് കൈദി സ്വന്തമാക്കുന്നത്. ആദ്യ എട്ടു ദിവസം കൊണ്ട് തന്നെ ആഗോള കളക്ഷൻ ആയി അമ്പതു കോടിയിൽ അധികം നേടി കഴിഞ്ഞു കൈദി. കാർത്തി തന്റെ കരിയറിലെ ഏറ്റവും മികച്ച പ്രകടനമാണ് ഈ ചിത്രത്തിൽ കാഴ്ചവെച്ചിരിക്കുന്നത്. ചിത്രം ബോക്സ് ഓഫീസിലും അദ്ദേഹത്തിന്റെ കരിയറിലെ മികച്ച വിജയങ്ങളിൽ ഒന്നായി മാറുമ്പോൾ കാർത്തി എന്ന നടന് ഇത് ഇരട്ടി സന്തോഷമാണ് നൽകുന്നത്.കേരളത്തിൽ നിന്ന് ഇതുവരെ 5.23 കോടിയാണ് സ്വന്തമാക്കിയത്.ഈ വർഷം ഏറ്റവും കൂടുതൽ കളക്ഷൻ സ്വന്തമാക്കുന്ന തമിഴ് സിനിമകളിൽ മുൻപന്തിയിലാണ് കൈദി.