മലയാളം, തമിഴ്, തെലുങ്ക് ഇൻഡസ്ട്രികളിൽ തന്റെ സാന്നിധ്യം തെളിയിച്ച ദുൽഖർ സൽമാൻ ബോളിവുഡിൽ അരങ്ങേറ്റം കുറിക്കുന്ന ചിത്രമാണ് കാർവാൻ. മൂന്ന് വ്യത്യസ്ത വ്യക്തികളുടെ ജീവിതത്തിൽ ഒരു യാത്ര നടത്തുന്ന മാറ്റമാണ് ചിത്രം ചർച്ച ചെയ്യുന്നത്. ഏറെ സങ്കീർണമായ ഒരു യാത്രയാണ് ചിത്രത്തിന്റെ ഹൈലൈറ്റ്. സാധാരണ റോഡ് മൂവീസ് പോലെ ഇത് ഒരു ആഘോഷത്തിനായോ മറ്റെന്തെങ്കിലും സന്തോഷത്തിനോ വേണ്ടിയുള്ള ഒരു യാത്രയല്ല എന്നതാണ് കാർവാനെ മറ്റു റോഡ് മൂവീസിൽ നിന്നും മാറ്റി നിർത്തുന്നത്. വൈകാരികപരമായ പല സന്ദർഭങ്ങളും ചിത്രത്തിലുണ്ട്. ചിരിപ്പിച്ചും ചിന്തിപ്പിച്ചും കണ്ണ് നനയിപ്പിച്ചുമാണ് ഈ യാത്ര മുന്നോട്ട് പോകുന്നത്. ആ യാത്രയെ പ്രേക്ഷകന് ഇഷ്ടപ്പെടുന്ന രീതിയിൽ മനോഹരമാക്കുവാൻ സംവിധായകൻ ആകർഷ് ഖുറാനക്ക് സാധിച്ചിട്ടുണ്ട്.
അവിനാഷ് ബാംഗ്ലൂരിൽ ഐടി ഫീൽഡിൽ വർക്ക് ചെയ്യുന്ന വ്യക്തിയാണ്. ഏറെ മടുപ്പുളവാക്കുന്ന തന്റെ ജോലി കാരണം ജീവിതത്തിൽ തീർത്തും നിരാശനാണ് അവിനാഷ്. അതിനിടയിൽ ഗംഗോത്രിയിലേക്ക് തീർത്ഥയാത്ര പോയ അവിനാഷിന്റെ പിതാവ് അവിടെ വെച്ച് നിര്യാതനാകുന്നു. അവിടെ നിന്നും ബാംഗ്ലൂർക്ക് കയറ്റിയയച്ച ശവപ്പെട്ടി അബദ്ധവശാൽ കൊച്ചിയിലേക്ക് പോകുകയും പകരം മറ്റൊരു വൃദ്ധ സ്ത്രീയുടെ ശവപ്പെട്ടി അവിനാഷിന്റെ പക്കൽ എത്തുകയും ചെയ്യുന്നു. തന്റെ സുഹൃത്ത് ഷൗക്കത്തിനൊപ്പം അവിനാഷ് ആ പെട്ടി കൊച്ചിയിലെത്തിക്കുവാൻ ബാംഗ്ലൂർ നിന്നും യാത്ര തിരിക്കുന്നു. ഇടയിൽ വെച്ച് ആ സ്ത്രീയുടെ കൊച്ചു മകളായ തന്യയും അവരോടൊപ്പം ചേരുന്നു. ഇവരുടെ മൂന്നു പേരുടെയും രസകരമായ യാത്രയാണ് ചിത്രത്തിന്റെ ഇതിവൃത്തം
തന്റെ ബോളിവുഡ് അരങ്ങേറ്റം അവിസ്മരണീയമാക്കിയ ദുൽഖർ സൽമാൻ മികച്ചൊരു പ്രകടനം തന്നെയാണ് കാഴ്ച്ച വെച്ചത്. കഥാപാത്രത്തിന് അനുസൃതമായി മാറ്റങ്ങൾ ശരീരത്തിലും ഡയലോഗുകളിലും കൊണ്ടു വരുവാൻ ദുൽഖറിന് സാധിച്ചിട്ടുണ്ട്. കൂടുതൽ അവസരങ്ങൾ ദുൽഖറിന് ഹിന്ദിയിൽ നിന്നും ഇനിയുമെത്തുമെന്ന് തന്നെയാണ് പ്രതീക്ഷ. സാധാരണ പോലെ തന്നെ ഇർഫാൻ ഖാൻ വീണ്ടും പ്രേക്ഷകരെ ഞെട്ടിച്ചിരിക്കുകയാണ്. കഥാപാത്രം എത്ര വലുതാണെങ്കിലും ചെറുതാണെങ്കിലും അത് മനോഹരമാക്കി തീർക്കുന്ന ഒരു മാന്ത്രികത അദ്ദേഹത്തിന്റെ അഭിനയത്തിലുണ്ട്. അത് വീണ്ടും തെളിയിക്കപ്പെട്ടിരിക്കുകയാണ് കാർവാനിലൂടെ. യൂട്യൂബിൽ ഏറെ പ്രശസ്തയായ മിഥില പാൽകറും തന്റെ ബോളിവുഡ് അരങ്ങേറ്റം ഒട്ടും മോശമാക്കിയില്ല. മലയാളി പെൺകുട്ടിയായി ശക്തമായൊരു സാന്നിധ്യം ചിത്രത്തിൽ ഉടനീളം മിഥില പങ്കു വെച്ചു
ബിജോയ് നമ്പ്യാരുടെ കഥക്ക് തിരക്കഥ ഒരുക്കിയത് സംവിധായകൻ ആകർഷ് ഖുറാനയും സംഭാഷണങ്ങൾ ഒരുക്കിയത് ഹുസൈൻ ദലാലുമാണ്. അത് തന്നെയാണ് ചിത്രത്തെ ഏറ്റവും മനോഹരമാക്കിയത്. അവിനാഷ് അരുണിന്റെ ക്യാമറയും പ്രശംസനീയമാണ്. ഗാനങ്ങളും പ്രേക്ഷകശ്രദ്ധ കവർന്നിട്ടുണ്ട്. സാധാരണ റോഡ് മൂവികളിൽ നിന്നും വേറിട്ട് നിൽക്കുന്ന കാർവാൻ പല തിരിച്ചറിവുകളുടെയും കൂടി ഒരു യാത്രയാണ്.