ബോളിവുഡിൽ ഇതു പോലൊരു വിവാഹം ഇതിനു മുമ്പ് ഉണ്ടായിട്ടുണ്ടാകില്ല. ഇന്ത്യയിൽ ഈ അടുത്ത കാലത്ത് ഇത്രയധികം വാർത്താപ്രാധാന്യം നേടിയ മറ്റൊരു വിവാഹവും ഉണ്ടായിരിക്കില്ല. അത്രയേറെ വാർത്താപ്രാധാന്യാണ് കത്രിന കൈഫ് – വിക്കി കൗശാൽ വിവാഹത്തിന് ലഭിച്ചിരിക്കുന്നത്. മൂന്ന് ദിവസങ്ങളിലായാണ് വിവാഹചടങ്ങുകൾ. രാജസ്ഥാനിലെ ആഡംബര റിസോർട്ടിൽ വെച്ചാണ് വിവാഹം. ഈ വിവാഹത്തിന്റെ സംപ്രേഷണാവകാശം ഒടിടി പ്ലാറ്റ്ഫോമിന് വിറ്റുവെന്ന വാർത്തയാണ് ഇപ്പോൾ പുറത്തു വന്നിരിക്കുന്നത്. 80 കോടി രൂപയ്ക്കാണ് ആമസോൺ പ്രൈം വിവാഹ ചടങ്ങുകളുടെ ഒടിടി റൈറ്റ്സ് വാങ്ങിയിരിക്കുന്നത്. ദേശീയ മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.
കഴിഞ്ഞ കുറച്ചു ദിവസങ്ങളായി സോഷ്യൽ മീഡിയയിൽ സജീവമാണ് കത്രിന കൈഫ് – വിക്കി കൗശാൽ വിവാഹം. 80 കോടി രൂപയ്ക്കും 100 കോടി രൂപയ്ക്കും ഇടയ്ക്കാണ് ആമസോൺ പ്രൈം ഒടിടി റൈറ്റ്സ് സ്വന്തമാക്കിയിരിക്കുന്നത്. വിദേശ രാജ്യങ്ങളിൽ താരവിവാഹങ്ങളുടെ സംപ്രേഷണാവകാശം ഒടിടി പ്ലാറ്റ്ഫോമുകൾ സ്വന്തമാക്കാറുണ്ട്. പ്രിയങ്ക ചോപ്രയുടെയും നിക്ക് ജൊനാസിന്റെയും വിവാഹം ഇത്തരത്തില്‍ ഒടിടി പ്ലാറ്റ്ഫോമിലൂടെ സിരീസ് ആയി വന്നിരുന്നു. 2019ൽ ആയിരുന്നു പ്രിയങ്ക – നിക്ക് ജോനാസ് വിവാഹം.
നേരത്തെ ദീപിക പദുകോണ്‍ – രണ്‍വീര്‍ സിംഗ് വിവാഹത്തിന് ഒരു ഒടിടി പ്ലാറ്റ്ഫോം ഇത്തരത്തിൽ വിവാഹചടങ്ങുകളുടെ റൈറ്റ്സ് സ്വന്തമാക്കാൻ ശ്രമിച്ചിരുന്നെങ്കിലും താരങ്ങൾക്ക് അത് സ്വീകാര്യമായിരുന്നില്ല. വിവാഹത്തിന്റെ സ്വകാര്യത നഷ്ടപ്പെടുന്നതിൽ ഇരുവർക്കും താൽപര്യമില്ലാതിരുന്നതിനെ തുടർന്നായിരുന്നു ഇത്. ഏതായാലും വൻ വാർത്താപ്രാധാന്യം നേടുന്ന കത്രിന – വിക്കി വിവാഹത്തോടെ ഇന്ത്യയിൽ താരവിവാഹങ്ങളുടെ ഒടടി സംപ്രേഷണത്തിന് മികച്ച തുടക്കമിടാമെന്നാണ് പ്രൈം വീഡിയോയുടെ കണ്ടെത്തൽ.
ചടങ്ങിലേക്ക് ക്ഷണിക്കപ്പെട്ട അതിഥികൾക്ക് കർശനമായ നിർദ്ദേശങ്ങൾ നൽകിയിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ. വിവാഹസ്ഥലത്തേക്ക് മൊബൈൽ ഫോൺ കൊണ്ടു വരരുതെന്ന് അതിഥികളോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഒടിടിയിലേക്ക് വരുന്നതിനു മുമ്പ് വിവാഹത്തിന്റെ ചിത്രങ്ങളും വീഡിയോകളും സോഷ്യൽമീഡിയയിൽ പ്രചരിക്കുന്നത് തടയാനാണ് ഇത്. ഇന്ത്യയിലെ സമീപകാലത്തെ ശ്രദ്ധേയ ഒടിടി റിലീസുകളിൽ ഒന്നായിരുന്നു മോഹൻലാൽ നായകനായി എത്തിയ ദൃശ്യം 2. ആമസോൺ പ്രൈമിൽ നിന്ന് 30 കോടി രൂപയായിരുന്നു ഈ ചിത്രത്തിന് ലഭിച്ചതെന്നാണ് റിപ്പോർട്ടുകൾ.