റോഷൻ ആൻഡ്രൂസിന്റെ സംവിധാനത്തിൽ ഒരുങ്ങുന്ന ബ്രഹ്മാണ്ഡ ചിത്രത്തിന്റേതായി പുറത്തുവരുന്ന ഓരോ വാർത്തകളും അമ്പരപ്പിക്കുന്നതാണ്. 150 വർഷങ്ങൾക്ക് മുൻപ് നടന്ന സംഭവങ്ങളെ ആധാരമാക്കി ചിത്രമെടുക്കുമ്പോൾ ആ കാലഘട്ടത്തെ പുനർചിത്രീകരിക്കുക എന്ന ഒരു ഭഗീരഥപ്രയ്തനം തന്നെ ചിത്രത്തിന് പിന്നിലുണ്ട്. ചിത്രത്തിന്റെ ലൊക്കേഷൻ കണ്ടുപിടിക്കാൻ നടത്തിയ പരിശ്രമങ്ങളുടെ കൂടുതൽ വിവരങ്ങളാണ് അണിയറപ്രവർത്തകർ ഇപ്പോൾ പുറത്തുവിട്ടിരിക്കുന്നത്.
“#KayamkulamKochunni #LocationHunt
കായംകുളം കൊച്ചുണ്ണി പോലെ ചരിത്രവും ഐതിഹ്യവും ഒത്തുചേരുന്ന ഒരു ചിത്രത്തിൽ ഏറ്റവുമധികം ശ്രദ്ധ ചെലുത്തേണ്ട ഒന്നാണ് ലൊക്കേഷൻ. 1830 കാലഘട്ടമാണ് ചിത്രീകരിക്കേണ്ടത് എന്നതിനാൽ തന്നെ അന്നത്തെ ഓരോന്നും, കല്ല് വിരിച്ച വഴികൾ, തിങ്ങിയ റോഡുകൾ, ജനസാന്ദ്രത കുറഞ്ഞ സ്ഥലങ്ങൾ, പക്ഷിമൃഗാദികൾ നിറഞ്ഞ അന്തരീക്ഷം എന്നിങ്ങനെ പലതും വീണ്ടും സൃഷ്ടിച്ചെടുക്കേണ്ടതായിട്ടുണ്ട്. ഭൂമിശാസ്ത്രപരമായും ഏറെ മാറ്റങ്ങൾ ഉണ്ടായിരുന്ന സമയമാണ് അത്. ഏകദേശം മൂന്ന് മാസത്തോളമാണ് ലൊക്കേഷൻ കണ്ടെത്തുവാനായിട്ട് ചിലവഴിച്ചത്. ചിത്രത്തിനായി നടത്തിയയ് നിരന്തരമായ ഗവേഷണങ്ങളിൽ നിന്നും ക്രോഡീകരിച്ച ആശയങ്ങൾ കോർത്തിണക്കി ചിത്രത്തിന് ആവശ്യമായ ലൊക്കേഷനുകൾ കണ്ടെത്തുക എന്നത് സംവിധായകൻ റോഷൻ ആൻഡ്രൂസിനും സംഘത്തിനും വളരെ അദ്ധ്വാനം ആവശ്യമായി വരുന്ന ഒന്നായിരുന്നു. അതിന്റെ ഭാഗമായി കൊച്ചുണ്ണി ജീവിച്ചിരുന്ന കായംകുളം മുഴുവൻ അവർ അലഞ്ഞു. സംവിധായകൻ മനസ്സിൽ വരച്ചെടുത്ത കൊച്ചുണ്ണിയുടെ കാലത്തെ സ്ഥലങ്ങളുടെ ഒരു രൂപരേഖ തയ്യാറാക്കാൻ വവ്വാക്കാവ്, ഏവൂർ, കൊച്ചുണ്ണി ജോലി ചെയ്തിരുന്നുവെന്ന് പറയുന്ന വലിയ വീട്ടിൽ പീടിക നിലനിന്നിരുന്നു എന്ന് പറയപ്പെടുന്നയിടം, അങ്ങനെ എല്ലാ സ്ഥലങ്ങളും സന്ദർശിച്ചു. ഓരോ സ്ഥലത്ത് ചെല്ലുമ്പോഴും 150 വർഷം മുൻപ് ആ സ്ഥലം എങ്ങനെയായിരുന്നുവെന്ന് ഒരു ചിത്രം ഭാവനയിൽ വരച്ചെടുത്തു. അങ്ങനെ കിട്ടിയ ആശയങ്ങളെ കലാസംവിധായകനുമായി റോഷൻ ആൻഡ്രൂസ് ചർച്ച ചെയ്ത് കുറെയേറെ സ്കെച്ചുകൾ തയ്യാറാക്കി.
സ്കെച്ചുകൾ തയ്യാറാക്കിയതിന് ശേഷം സംവിധായകൻ റോഷൻ ആൻഡ്രൂസും, അസ്സോസിയേറ്റ് ദിനേശ് മേനോൻ, പ്രോഡക്ഷൻ ഡിസൈനർ സുനിൽ ബാബു എന്നിവർ ശ്രീലങ്കയിലേക്ക് ലൊക്കേഷൻ തേടി യാത്ര തിരിച്ചു. 7 – 8 ദിവസങ്ങൾ കൊണ്ട് ശ്രീലങ്ക ചുറ്റിക്കാണുകയും ലൊക്കേഷനുകൾ കണ്ടെത്തുകയും ചെയ്തു. പക്ഷേ അവിടെ ഷൂട്ട് ചെയ്യുന്നത് ചിലവ് കൂട്ടുമെന്നതിനാൽ ക്ലൈമാക്സ് മാത്രം ശ്രീലങ്കയിൽ ഷൂട്ട് ചെയ്യുവാൻ തീരുമാനിച്ചു. പിന്നീട് ഉള്ള ലക്ഷ്യം ഏറ്റവും അനുയോജ്യമായ സ്ഥലം നാട്ടിൽ തന്നെ കണ്ടെത്തുക എന്നതായിരുന്നു. അതിന് വേണ്ടി മൂന്ന് ഗ്രൂപ്പായി തിരിഞ്ഞ് പല സ്ഥലങ്ങളിലും പോയി അന്വേഷിക്കുകയുണ്ടായി. സ്വരുക്കൂട്ടിയ വിവരങ്ങൾ അനുസരിച്ച് ചിത്രത്തിന് ഏറ്റവും അനുയോജ്യമായ ലൊക്കേഷൻ ഉഡുപ്പിയാണെന്ന് അന്തിമ തീരുമാനത്തിലെത്തി. ഉഡുപ്പിയും മംഗലാപുരവുമാണ് ഏറ്റവും മികച്ച ലൊക്കേഷനുകൾ എന്ന് മനസ്സിലാക്കി പത്ത് ദിവസം അവിടെ തങ്ങി ലൊക്കേഷനുകൾ തീർച്ചപ്പെടുത്തി. കാട് ഒഴിവാക്കാൻ ആകാത്ത ഒരു ഘടകമായതിനാൽ വവ്വാക്കാവുമായി ഏറെ സാമ്യം പുലർത്തുന്ന കടബ തന്നെ അതിനായി തിരഞ്ഞെടുത്തു.
ലോക്കേഷനുകൾ എല്ലാം കണ്ടെത്തിയതിന് ശേഷം അവയെല്ലാം ക്രിയേറ്റീവ് മീറ്റിംഗിൽ ചർച്ച ചെയ്യുകയും ഇതിന്റെ കളർ ടോൺ എന്തായിരിക്കണമെന്ന് തീരുമാനിക്കുകയും ചെയ്തു. അതോടൊപ്പം തന്നെ ഗ്രാമം, കളരി തുടങ്ങിയ ഓരോ സെറ്റിനേയും കുറിച്ച് തീരുമാനമെടുത്തു. ഐതിഹ്യമാലയിൽ പറയുന്ന കളരി പഠിക്കുന്നിടത്തുള്ള മരത്തിന്റെ വരെ കൃത്യമായ ഒരു പ്ലാനിംഗ് ഉണ്ടായിരുന്നു. പിന്നീടാണ് ഏറെ സാഹസികതകൾ നിറഞ്ഞ ചിത്രീകരണം ഗോവ, ഉഡുപ്പി, മംഗലാപുരം, കടബ, ശ്രീലങ്ക, കൊച്ചി എന്നിവിടങ്ങളിൽ പൂർത്തീകരിച്ചത്.
ഓരോ സ്ഥലത്ത് ചെല്ലുമ്പോഴും അവിടെ വെച്ച് അടുത്ത ദിവസത്തെക്കുള്ള ഷൂട്ടിങ്ങിനെ കുറിച്ച് ആർട്ട് ഡയറക്ടർ, ഛായാഗ്രാഹകൻ എന്നിങ്ങനെ കോസ്റ്റ്യും ഡിസൈനറോട് പോലും ഓരോ സീനും എവിടെ ചിത്രീകരിക്കാം, ഓരോ സെറ്റും എവിടെയായിരിക്കണം, അതിനുള്ള ലൈറ്റ് അപ്പ്, സൂര്യപ്രകാശം വരുന്നത് എന്നിങ്ങനെ എല്ലാ കാര്യങ്ങളും ചർച്ച ചെയ്യുമായിരുന്നു. ശ്രീലങ്കയിൽ വെച്ച് നിറയെ മുതലകൾ ഉള്ള ഒരു സ്ഥലത്ത് പോലും ഷൂട്ട് ചെയ്തിട്ടുണ്ട്. പിന്നീട് മറ്റൊരു ലൊക്കേഷൻ അതേപോലെ ലഭിക്കില്ലായെന്ന് ഉറപ്പ് ഉള്ളത് കൊണ്ട് തന്നെയാണ് അവിടെ എല്ലാവിധ സുരക്ഷാക്രമീകരണങ്ങളോട് കൂടി ഷൂട്ട് ചെയ്തത്. ഷൂട്ടിങ്ങ് തുടങ്ങിയതോട് കൂടി സ്കൂൾ കുട്ടികളും മുതിർന്നവരുമടക്കം പലരും വണ്ടിയൊക്കെ വാടകക്കെടുത്ത് ഷൂട്ടിങ്ങ് കാണാൻ വരുമായിരുന്നു. അതിലും രസകരമായ ഒന്നാണ് ആ തിരക്ക് കാരണം അവിടെ ഉയർന്നുവന്ന ചായക്കടയും മറ്റും..!
പാമ്പുകളും മുതലകളും ആനയും കാട്ടുപ്പോത്തുമെല്ലാം നിറഞ്ഞ ഒരു അവിസ്മരണീയ യാത്രയിലൂടെയാണ് കൊച്ചുണ്ണിയെ വാർത്തെടുത്ത ലൊക്കേഷനുകൾ കണ്ടെത്തിയത്. ആ ഒരു മനോഹാരിത കായംകുളം കൊച്ചുണ്ണി എന്ന ചിത്രത്തിലും തീർച്ചയായും കാണാൻ സാധിക്കും.”