റോഷൻ ആൻഡ്രൂസ് ഒരുക്കുന്ന ബ്രഹ്മാണ്ഡ നിവിൻ പോളി ചിത്രമാണ് ‘കായംകുളം കൊച്ചുണ്ണി’ .ശ്രീ ഗോകുലം ഫിലിംസിന്റെ ബാനറില്‍ ഗോകുലം ഗോപാലനാണ് ചിത്രം നിര്‍മ്മിക്കുന്നത്. ബോബി-സഞ്ജയ് ടീമാണ് കായംകുളം കൊച്ചുണ്ണിയുടെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. ചിത്രത്തില്‍ ഇത്തിക്കരപക്കിയായി മോഹന്‍ലാല്‍ എത്തുന്നു എന്ന പ്രത്യേകതയും കൂടിയുണ്ട്.
ചിത്രത്തിലെ മർമ്മ പ്രധാനമായ ഒരു വിവരം ഇപ്പോൾ പുറത്തായിരിക്കുകയാണ്.
സംവിധായകനായ റോഷൻ ആൻഡ്രൂസും മോഹൻലാലും തമ്മിലുള്ള സംഭാഷണം വാട്ട്സാപ്പിലൂടെ ചോർന്നതോടെയാണ് ആ രഹസ്യവും പുറത്തായത്. ചിത്രത്തിന്റെ ഡബ്ബിങ്ങ് സ്റ്റുഡിയോയിൽ നിന്നുള്ള സംഭാഷണമാണ് പുറത്തായതെന്നാണ് അണിയറപ്രവർത്തകരിൽ നിന്നുള്ള വിവരം.
കായംകുളം കൊച്ചുണ്ണിയുടെ പേരിൽ അമ്പലമുള്ള കാര്യമാണ് റോഷൻ ആൻഡ്രൂസ് മോഹൻലാലിനോട് വിശദീകരിക്കുന്നത്. പത്തനംതിട്ട ജില്ലയിൽ കോഴഞ്ചേരി അടുത്തുള്ള ഏടപ്പാറ മലദേവർ നട ക്ഷേത്രത്തിലെ പ്രതിഷ്ഠകളിലൊന്ന് കൊച്ചുണ്ണിയാണ്. ഇക്കാര്യം മോഹൻലാൽ തന്റെ ശബ്ദത്തിലൂടെ പറയുന്നതാണ് ലീക്ക് ചെയ്ത ഓഡിയോയിൽ കേൾക്കാനാകുന്നത്. ഇതേ അമ്പലത്തിൽ നിന്നാണ് സിനിമയുടെ ചിത്രീകരണം ആരംഭിച്ചതെന്നും റോഷൻ പറയുന്നുണ്ട്.
ചിത്രത്തിൽ സണ്ണി വെയ്ന്‍, ബാബു ആന്റണി, പ്രിയ ആനന്ദ്, എന്നിവരാണ് മറ്റ് പ്രധാനവേഷങ്ങള്‍ കൈകാര്യം ചെയ്യുന്നത്. ചിത്രത്തിനായി ബിനോദ് പ്രധാന് ഛായാഗ്രഹണവും ദേശീയ പുരസ്കാര ജേതാവ് പിഎം സതീഷ് ശബ്ദമിശ്രണവും നിര്‍വ്വഹിക്കുന്നു.