നിവിൻ പോളിയെ നായകനാക്കി റോഷൻ ആൻഡ്രുസ് ഒരുക്കുന്ന ബ്രഹ്മാണ്ഡ ചിത്രം ഓഗസ്റ്റ് 18ന് തീയ്യറ്ററുകളിൽ എത്തും. ശ്രീഗോകുലം മൂവീസിന്റെ ബാനറിൽ ഗോകുലം ഗോപാലൻ നിർമിക്കുന്ന ചിത്രം കേരളത്തിൽ മാത്രമായി മുന്നൂറോളം തീയറ്ററുകളിലായി പ്രദർശനത്തിനെത്തുമെന്നാണ് റിപ്പോർട്ട്. ഇതോടൊപ്പം തന്നെ തമിഴ്, തെലുങ്ക് പതിപ്പുകളും റിലീസ് ചെയ്യാൻ ഉള്ള ശ്രമങ്ങളും നടക്കുന്നുണ്ട്. നിവിൻ പോളി കായംകുളം കൊച്ചുണ്ണിയാകുന്ന ചിത്രത്തിലെ ലാലേട്ടന്റെ ഇത്തിക്കര പക്കിയുടെ കാമിയോ റോൾ സോഷ്യൽ മീഡിയയെ ഒന്നടങ്കം കീഴടക്കിയിരിക്കുകയാണ്. ചിത്രത്തിന്റെ ഡബ്ബിങ് ജോലികൾ പൂർത്തിയായി. ഫൈനൽ മിക്സിങ്ങ് ജോലികളാണ് ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്നത്. ബാഹുബലിയുടെ ഗ്രാഫിക്സ് ചെയ്ത ടീം തന്നെയാണ് ഈ ചിത്രത്തിന് പിന്നിലും. മംഗലാപുരം, ജോയ്, ശ്രീ ലങ്ക തുടങ്ങിയ സ്ഥലങ്ങളിൽ നടന്ന ചിത്രീകരണത്തിനിടയിൽ നിവിൻ പോളിക്കും സംവിധായകൻ റോഷൻ ആൻഡ്രുസിനും പരിക്കേറ്റിരുന്നു. എങ്കിലും പ്രതികൂല സാഹചര്യങ്ങളെ തരണം ചെയ്ത് വിജയകരമായി ചിത്രീകരണം പൂർത്തിയാക്കാൻ കഴിഞ്ഞു. പ്രിയ ആനന്ദാണ് ചിത്രത്തിലെ നായിക. കന്നഡ താരങ്ങളായ പ്രിയങ്കയും അശ്വതിയും നായികാ തുല്യമായ വേഷങ്ങൾ കൈകാര്യം ചെയ്യുന്നുണ്ട്. സണ്ണി വെയ്ൻ, ബാബു ആന്റണി,സുധീർ കരമന, ഇടവേള ബാബു, സാദിഖ്, മണികണ്ഠൻ ആചാരി എന്നിവരും പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ഗോപി സുന്ദറാണ് സംഗീതം.