സര്‍ക്കാര്‍ ആശുപത്രിയില്‍ മിന്നല്‍ പരിശോധന നടത്തി ഗണേഷ് കുമാര്‍ എംഎല്‍എ. ആശുപത്രി വൃത്തിഹീനമാണെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് എംഎല്‍എ എത്തിയത്. ആശുപത്രിയിലെ മോശം അവസ്ഥ കണ്ട് ഗണേഷ് കുമാര്‍ പൊട്ടിത്തെറിച്ചു. ഇത് കൂടാതെ വൃത്തിഹീനമായി കിടന്ന ഭാഗം എംഎല്‍എ ചൂലെടുത്ത് തൂക്കുകയും ചെയ്തു.
വാങ്ങുന്ന ശമ്പളത്തിനോട് അല്പമെങ്കിലും കൂറ് കാണിക്കണ്ടേയെന്ന് ചോദിച്ച എംഎല്‍എ താന്‍ ഇപ്പോള്‍ തറ തൂക്കുന്നത് ഇവിടെയുള്ള ഡോക്ടര്‍മാര്‍ക്കും ജോലിക്കാര്‍ക്കും ലജ്ജ തോന്നാന്‍ വേണ്ടിയാണെന്നും പറഞ്ഞു. ഇതിന്റെ വിഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായി.
എംഎല്‍എ ഫണ്ടില്‍ നിന്നും മൂന്ന് കോടി രൂപ ചിലവഴിച്ച് ഉദ്ഘാടനത്തിന് സജ്ജമായ തലവൂരിലെ ആയുര്‍വേദ ആശുപത്രിയിലാണ് ഗണേഷ് കുമാര്‍ മിന്നല്‍ പരിശോധന നടത്തിയത്. വൃത്തിയില്ലാത്ത അഴുക്കു നിറഞ്ഞ തറയും ആശുപത്രി ഉപകരണങ്ങളും കണ്ട് ഗണേഷ് കുമാര്‍ ക്ഷുഭിതനായി. ആശുപത്രിയുടെ ശൗചാലയങ്ങളും ശോചനാവസ്ഥയിലാണ്. ഇതും എംഎല്‍എയെ ചൊടിപ്പിച്ചു.