കൊറോണ വൈറസ് വ്യാപനത്തെ തുടർന്ന് ലോക്ക് ഡൗൺ പ്രഖ്യാപിച്ചപ്പോൾ നിശ്ചലമായ ഒരു മേഖലയാണ് സിനിമ മേഖല. സിനിമയുടെ ഷൂട്ടിങ് എല്ലാം നിർത്തി വെച്ചതിനാൽ താരങ്ങളും അണിയറ പ്രവർത്തകരും ദിവസവേതന തൊഴിലാളികളും എല്ലാം ഇപ്പോൾ വീട്ടിൽ തന്നെയാണ്. സിനിമാ മേഖലയിലെ എല്ലാ സംഘടനകളും ചേര്‍ന്ന് കൂട്ടായ ചര്‍ച്ച നടത്തിയതിന് ശേഷം മാത്രമേ ചലച്ചിത്ര മേഖല പുനരാരംഭിക്കാനാകൂ എന്നും കൊവിഡ് വ്യാപനം സൃഷ്ടിച്ച സ്തംഭനാവസ്ഥ നേരിടാന്‍ മുന്‍നിര താരങ്ങള്‍ അമ്പത് ശതമാനമെങ്കിലും പ്രതിഫലം കുറയ്ക്കണമെന്നും താരങ്ങള്‍ക്ക് പുറമേ മുന്‍നിര ടെക്നീഷ്യന്‍സും പ്രതിഫലത്തില്‍ ഭീമമായ കുറവ് വരുത്തണമെന്നും നിര്‍മ്മാതാവും ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷന് ഭാരവാഹിയുമായ ജി. സുരേഷ് കുമാർ പറഞ്ഞിരുന്നു.
ഇപ്പോൾ തന്റെ പ്രതിഫലത്തുക വെട്ടിക്കുറച്ച് രംഗത്തെത്തിയിരിക്കുകയാണ് കീർത്തി സുരേഷ്. 20 മുതൽ 30 ശതമാനം വരെ പ്രതിഫല തുകയാണ് താരം കുറച്ചിരിക്കുന്നത്. പ്രതിഫലത്തുക കുറയ്ക്കുവാൻ തയ്യാറാണെന്ന് അറിയിച്ച ആദ്യ താരമാണ് കീർത്തി സുരേഷ്. താരത്തിന്റെ ഏറ്റവും പുതിയ ചിത്രമായ പെൻഗ്വിൻ ജൂൺ 19ന് ആമസോൺ പ്രൈമിൽ റിലീസിന് എത്തും. സൈക്കോ കില്ലറെ തേടിയുള്ള ഒരു യാത്രയാണ് ഈ ചിത്രത്തിലെ പ്രമേയം. ഈശ്വര്‍ കാര്‍ത്തിക് സംവിധാനം ചെയ്യുന്ന ചിത്രം കാര്‍ത്തിക് സുബ്ബരാജിന്റെ ഉടമസ്ഥതയിലുള്ള സ്റ്റോണ്‍ ബഞ്ച് ഫിലിംസ് നിര്‍മിക്കുന്ന ചിത്രത്തില്‍ മദംപട്ടി രംഗരാജ്, ലിംഗ എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.