അനുരാഗ കരിക്കിന്‍വെള്ളത്തിനു ശേഷം ഖാലിദ് റഹ്മാന് സംവിധാനം ചെയ്യുന്ന മമ്മൂട്ടി ചിത്രം ഉണ്ടയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ ഏറെ ശ്രദ്ധ പിടിച്ചു പറ്റിയിരുന്നു. ഛത്തീസ്ഗഡിലേക്ക് തിരഞ്ഞെടുപ്പ് ജോലിക്ക് പോകുന്ന മലയാളി പൊലീസ് സംഘത്തിന്റെ കഥയാണ് ചിത്രം പറയുന്നത്. മണികണ്ഠന് സി.പി എന്നാണ് മമ്മൂട്ടി അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ പേര്. ഹര്‍ഷാദാണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത്. കണ്ണൂര്‍, ഛത്തീസ്ഗഡ് എന്നിവിടങ്ങളിലായിരുന്നു സിനിമയുടെ ചിത്രീകരണം.
ഇപ്പോഴിതാ ഉണ്ടയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ ഏറ്റെടുത്തിരിക്കുകയാണ് കേരള പൊലീസും. ഒരു കൂട്ടം പൊലീസുകാർ പോസ്റ്ററിലേതു പോലെ സമാനരീതിയില്‍ വണ്ടി ഉയര്‍ത്തി പിടിച്ചു നില്ക്കുന്ന ചിത്രം സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ്. ഏതോ പൊലീസ് ക്യാമ്പില്‍ എടുത്ത ചിത്രങ്ങളാണ് ശ്രദ്ധ നേടുന്നത്. ‘ഉണ്ട’യുടെ പോസ്റ്ററിന്റെ അതേ ശൈലിയില്‍ തന്നെയാണിതും. ഷൈന്‍ ടോം ചാക്കോ, ജേക്കബ് ഗ്രിഗറി, സുധി കോപ്പ, ദിലീഷ് പോത്തന്, അലന്‍സിയര്‍, അര്ജുന് അശോകന്, ലുക്മാന് തുടങ്ങിയവര്‍ ചിത്രത്തിലുണ്ട്. മൂവീസ് മില്‍, ജെമിനി സ്റ്റുഡിയോസിന്റെ ബാനറില്‍ കൃഷ്ണന് സേതുകുമാര്‍ ആണ് ഉണ്ട നിര്‍മ്മിക്കുന്നത്. പ്രശാന്ത് പിള്ളയാണ് ചിത്രത്തിന് സംഗീതമൊരുക്കുന്നത്. ഈദ് റിലീസായിട്ടാണ് ചിത്രം തീയറ്ററുകളിൽ എത്തുക.