അംഗൻവാടി അധ്യാപികമാരെ അധിക്ഷേപിച്ചെന്ന പരാതിയിൽ നടൻ ശ്രീനിവാസനെതിരെ സംസ്ഥാന വനിതാ കമ്മീഷൻ കേസ് എടുത്തു. അംഗൻവാടി അധ്യാപികമാർ തന്നെയാണ് പരാതി കൊടുത്തത്. വിവരവും വിദ്യാഭാസവും ഇല്ലാത്തവരാണ് അംഗൻവാടി അധ്യാപികമാരെന്നും ജോലിയൊന്നും ഇല്ലാത്തവരെയാണ് ഈ പണിക്ക് പിടിച്ചു നിർത്തുന്നതെന്നുമായിരുന്നു ഒരു ചാനൽ അഭിമുഖത്തിൽ ശ്രീനിവാസൻ പരാമർശം നടത്തിയത്. സൈക്കാട്രിസ്റ്റുകളും വേണ്ടത്ര യോഗ്യതയുള്ളവരുമാണ് വിദേശ രാജ്യങ്ങളിൽ കുട്ടികളെ പഠിപ്പിക്കുന്നതെന്നും എന്നാൽ ഇങ്ങ് കേരളത്തിൽ കുട്ടികളെ പഠിപ്പിക്കുന്നത് യോഗ്യത ഇല്ലാത്തവരാണെന്നും ഇവരൊക്കെ എവിടെ നിന്നും വരുന്നുവെന്നുമാണ് ശ്രീനിവാസൻ ചോദിച്ചത്.
അംഗൻവാടി അധ്യാപികമാരെ മുഴുവനായിട്ടാണ് ശ്രീനിവാസൻ അവഹേളിച്ചതെന്നാണ് വനിതാ കമ്മീഷൻ അംഗം ഷാഹിദ കമാൽ പ്രതികരിച്ചത്. അധ്യാപികമാരെ മാത്രമല്ല കുട്ടികളെയും സമൂഹത്തെ ഒന്നായും അപമാനിച്ച ശ്രീനിവാസൻ പരാമർശം പിൻവലിക്കണമെന്നും ഷാഹിദ കമാൽ വ്യക്തമാക്കി. ഇത്തരം വിഷയങ്ങളിൽ അഭിപ്രായ പ്രകടനം നടത്തുമ്പോൾ കുറച്ചു കൂടി ഉത്തരവാദിത്വം വേണമെന്ന് ശ്രീനിവാസനെ ഓർമിപ്പിക്കുമെന്നും ഷാഹിദ കൂട്ടിച്ചേർത്തു.