ഈ കഴിഞ്ഞ ഡിസംബർ മുപ്പത്തിയൊന്നിന്, പുതുവത്സര സമ്മാനമായി മലയാളി പ്രേക്ഷകരുടെ മുന്നിലെത്തിയ ചിത്രമാണ് ജനപ്രിയ നായകൻ ദിലീപ് നായകനായി എത്തിയ കേശു ഈ വീടിന്റെ നാഥൻ. അമർ അക്ബർ അന്തോണി, കട്ടപ്പനയിലെ ഹൃതിക് റോഷൻ, മേരാ നാം ഷാജി എന്നീ ചിത്രങ്ങളൊരുക്കി പ്രശസ്തനായ നാദിർഷ സംവിധാനം ചെയ്ത ഈ ചിത്രം രചിച്ചിരിക്കുന്നത് ദേശീയ അവാർഡ് ജേതാവായ സജീവ് പാഴൂർ ആണ്. ദിലീപും ഡോക്ടർ സക്കറിയ തോമസും ചേർന്നാണ് ഈ ഫാമിലി കോമഡി എന്റെർറ്റൈനെർ നിർമ്മിച്ചിരിക്കുന്നത്. നേരിട്ടുള്ള ഒടിടി റിലീസ് ആയി എത്തിയ ഈ ചിത്രം ഡിസ്നി പ്ലസ് ഹോട്ട് സ്റ്റാറിൽ ആണ് സ്ട്രീം ചെയ്തത്. ഈ ചിത്രത്തിലെ ദിലീപിന്റെ വ്യത്യസ്തമായ മേക്കോവർ തന്നെ വലിയ പ്രതീക്ഷ പ്രേക്ഷകരിൽ സൃഷ്ടിച്ചിരുന്നു. ദിലീപ് അവതരിപ്പിക്കുന്ന കേശുവെന്ന നായക കഥാപാത്രത്തിന് ചുറ്റുമാണ് ഈ ചിത്രം വികസിക്കുന്നത്. മധ്യവയസ്കനായ കേശു ഒരു ഡ്രൈവിംഗ് സ്കൂൾ നടത്തിയാണ് ജീവിക്കുന്നത്. അതിനൊപ്പം പേരു കേട്ട പിശുക്കനും ആണ് കേശു. ഭാര്യ രത്നമ്മയും ഒരു മകളും മകനും സ്വന്തം അമ്മയും അടങ്ങുന്നത് ആണ് കേശുവിന്റെ കുടുംബം. അതിനിടയിലേക്കു സ്വത്തുഭാഗം വെച്ച് കിട്ടാൻ സഹോദരിമാരും അവരുടെ ഭർത്താക്കന്മാരും ഇടയ്ക്കു ഇടയ്ക്കു ആ കുടുംബത്തിലേക്ക് കയറി വരുന്നുമുണ്ട്. അങ്ങനെ ഒരു ആവശ്യവുമായി അവർ വരുന്നതും, അതിനു മുന്നോടിയായി നടത്തുന്ന ഒരു രാമേശ്വരം യാത്രയും കേശുവിന്റെ ജീവിതത്തിന്റെ ഗതി മാറ്റിവിടുകയാണ്. അതെങ്ങനെയെന്നും അതിനു ശേഷം എന്ത് സംഭവിക്കുന്നു എന്നുമാണ് ഈ ചിത്രം പറയുന്നത്.
നാദിർഷ എന്ന ഈ സംവിധായകനെ വളരെ പ്രതീക്ഷയോടെ നോക്കി കാണാൻ നമ്മളെ പ്രേരിപ്പിക്കുന്നത് അദ്ദേഹം കഥ പറയുന്ന രീതിയാണ്. വളരെ രസകരമായ പുതുമയേറിയ ഒരു പ്രമേയത്തിന്, അതിലും രസകരമായി ഒരു വ്യത്യസ്ത പശ്ചാത്തലം നൽകി പ്രേക്ഷകരുടെ മുന്നിൽ അവതരിപ്പിക്കാൻ അദ്ദേഹത്തിന് സാധിച്ചിട്ടുണ്ട്. നിറയെ നർമ്മ മുഹൂർത്തങ്ങളും പ്രേക്ഷകനെ പിടിച്ചിരുത്തുന്ന തരത്തിലുള്ള കഥാസന്ദർഭങ്ങളും രംഗങ്ങളും കോർത്തിണക്കി സജീവ് പാഴൂർ ഒരുക്കിയ തിരക്കഥയാണ് ഈ ചിത്രത്തിന്റെ നട്ടെല്ല് എങ്കിലും, ആ തിരക്കഥക്കു നാദിർഷ നൽകിയ ദൃശ്യഭാഷ മനോഹരമാണ്. കുടുംബപ്രേക്ഷകർക്ക് വേണ്ടി ഒരുക്കിയ ഈ ചിത്രം അവർക്കു ഇഷ്ടപ്പെടുന്ന എല്ലാ ഘടകങ്ങൾ കൊണ്ടും സമ്പന്നമാണ്. അത്രയധികം ചിരിക്കാനുള്ള ഒരു ചിത്രമാണ് കേശു ഈ വീടിന്റെ നാഥൻ. അതുപോലെ കുടുംബബന്ധങ്ങളുടെ അർത്ഥവും വൈകാരിക നിമിഷങ്ങളും ഈ ചിത്രത്തിലൂടെ കാണിച്ചു തരുന്നുണ്ട്. ഭാര്യയും ഭർത്താവും തമ്മിലുള്ള ബന്ധം, അമ്മയും മകനും തമ്മിലുള്ള ബന്ധം, സഹോദരങ്ങൾ തമ്മിലും അച്ഛനും മക്കളും തമ്മിലുമുള്ള ബന്ധമൊക്കെ ചിത്രത്തിൽ കാണിച്ചു തരുന്നു. പ്രേക്ഷകരെ രസിപ്പിക്കുന്ന സംഭാഷണങ്ങൾ, പുതുമയേറിയ കഥാസന്ദർഭങ്ങൾക്കു അകമ്പടിയായി വന്നതിനോടൊപ്പം തന്നെ, നാദിർഷ എന്ന സംവിധായകന് മനോഹരമായ ദൃശ്യഭാഷ വെള്ളിത്തിരയിൽ എത്തിക്കാനും സാധിച്ചിട്ടുണ്ട്. വ്യത്യസ്തമായ കഥാസന്ദർഭങ്ങളെ വിശ്വസനീയമായി പ്രേക്ഷകന്റെ മുന്നിലവതരിപ്പിക്കാൻ കഴിഞ്ഞുവെന്നത് തന്നെയാണ് ഈ ചിത്രത്തിന്റെ വലിയ വിജയം എന്ന് എടുത്തു പറയണം. ഹാസ്യത്തിന് ഒപ്പം തന്നെ മികച്ച ഒരു വൈകാരികതലവും ഈ ചിത്രം കൈകാര്യം ചെയ്യുന്നുണ്ട്. പ്രേക്ഷകരെ ഒരു നിമിഷം പോലും ബോറടിപ്പിക്കാതെ മുന്നോട്ടു പോകുന്ന ഒരു പക്കാ കോമഡി എന്റെർറ്റൈനെർ എന്ന് ഈ ചിത്രത്തെ വിശേഷിപ്പിക്കാം.
ദിലീപ് എന്ന നടന്റെ വ്യത്യസ്തമായ അഭിനയശൈലി വീണ്ടും മികച്ച രീതിയിൽ ഉപയോഗിക്കപ്പെട്ടു ഈ ചിത്രത്തിലെന്നു പറയാം. വളരെ രസകരമായാണ് അദ്ദേഹം തന്റെ കഥാപാത്രത്തിന് ജീവൻ നൽകിയിരിക്കുന്നത്. രൂപത്തിൽ മാത്രമല്ല, ഭാവത്തിലും ശരീരഭാഷയിലും ദിലീപ് കേശു എന്ന പിശുക്കനായ മധ്യവയസ്കനായി സ്ക്രീനിൽ ജീവിച്ച കാഴ്ചയാണ് കാണാൻ സാധിക്കുന്നത്. അതിനോടൊപ്പം മറ്റ് അഭിനേതാക്കളും മികച്ച പ്രകടനമാണ് കാഴ്ച വെച്ചത്. അഭിനേതാക്കൾ മികച്ച രീതിയിൽ അഭിനയിച്ചപ്പോൾ, കഥാപാത്രങ്ങൾക്കൊപ്പം പ്രേക്ഷകരും സഞ്ചരിച്ചു തുടങ്ങി. മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച ഉർവശി, നസ്ലെൻ, വൈഷ്ണവി, ജാഫർ ഇടുക്കി, കോട്ടയം നസീർ, കലാഭവൻ ഷാജോൺ, സ്വാസിക, സീമ അജി നായർ, പ്രിയങ്ക, ഗണപതി, ബിനു അടിമാലി, ഹരിശ്രീ അശോകൻ, ഹരീഷ് കണാരൻ എന്നിവരും തങ്ങളുടെ വേഷങ്ങൾ ഭംഗിയായി തന്നെ വെള്ളിത്തിരയിൽ എത്തിച്ചു. അനിൽ നായർ ആണ് ഈ ചിത്രത്തിന്റെ കാമറ കൈകാര്യം ചെയ്തത്. ഒട്ടേറെ മികച്ച ചിത്രങ്ങൾക്ക് ദൃശ്യങ്ങൾ ഒരുക്കിയിട്ടുള്ള അദ്ദേഹം നൽകിയ ദൃശ്യങ്ങൾ മികച്ച നിലവാരം പുലർത്തിയപ്പോൾ സാജൻ തന്റെ എഡിറ്റിംഗിലൂടെ ചിത്രം ആവശ്യപ്പെട്ട വേഗതയും ഒഴുക്കും പകർന്നു നൽകുകയും ചെയ്തു. നാദിർഷ ഈണം നൽകിയ ഗാനങ്ങളും ബിജിപാൽ ഒരുക്കിയ പശ്ചാത്തല സംഗീതവും മികച്ച നിലവാരം പുലർത്തിയപ്പോൾ സാങ്കേതികമായി ഈ ചിത്രം ഏറെ മുന്നിൽ തന്നെ നിന്നു. കേശു ഈ വീടിന്റെ നാഥൻ നിങ്ങളെ ഒരുപാട് രസിപ്പിക്കുന്ന ഒരു ചിത്രമാണ്. ചിരിയും മനസ്സിൽ തൊടുന്ന മുഹൂർത്തങ്ങളും ഒപ്പം നിങ്ങൾ ഇതുവരെ കാണാത്ത ചില കഥാസന്ദർഭങ്ങളും ഈ ചിത്രം നിങ്ങളുടെ മുന്നിൽ എത്തിക്കും. അതുകൊണ്ടു തന്നെ പ്രേക്ഷകനെ ഒരിക്കലും നിരാശപ്പെടുത്തില്ല ഈ ചിത്രം എന്ന് പറയാം. കുട്ടികളും കുടുംബവുമായി ഇരുന്നു പൊട്ടിച്ചിരിച്ചു കൊണ്ട് കാണാവുന്ന ഒരു ചിത്രമാണ് ഇതെന്നും നിസംശയം പറയാം നമുക്ക്.
![](https://i0.wp.com/cinemadaddy.com/wp-content/uploads/2021/12/Dileeps-Keshu-Ee-Veedinte-Nadhan-Motion-Poster.jpg?resize=788%2C443&ssl=1)