ടോവിനോ തോമസിനെ നായകനാക്കി ജിയോ ബേബി സംവിധാനവും തിരക്കഥയും ഒരുക്കുന്ന ചിത്രമാണ് കിലോമീറ്റേഴ്സ് ആൻഡ് കിലോമീറ്റേഴ്സ്. റാംഷി, ടോവിനോ തോമസ്, സിനു സിദ്ധാർഥ്, ആന്റോ ജോസഫ് എന്നിവർ ചേർന്ന് നിർമിക്കുന്ന ചിത്രത്തിന്റെ DOP സിനു സിദ്ധാർഥും സംഗീത സംവിധാനം സൂരജ് എസ് കുറുപ്പുമാണ്. ലോക്ക് ഡൗൺ കാരണം റിലീസിംഗ് ഡേറ്റ് മാറ്റിവെച്ച ഈ ചിത്രം ചോർന്നു എന്ന വാർത്തയാണ് ഇപ്പോൾ പുറത്തുവരുന്നത്. ഇതേ തുടർന്ന് ക്രൈംബ്രാഞ്ച് അന്വേഷണം ആരംഭിച്ചു. സമൂഹമാധ്യമ ഗ്രൂപ്പുകളിൽ ആയിരുന്നു ചിത്രം വന്നത്.
വെള്ളിയാഴ്ച ഉച്ചയോടെ ആണ് നിർമ്മാതാവും അണിയറപ്രവർത്തകരും സംഭവം അറിഞ്ഞത്. വൈകീട്ടോടെ സിനിമയുടെ ചില ഭാഗങ്ങൾ പല ലിങ്കുകളിൽ ആയി കണ്ടെത്തി. സിനിമ മുഴുവനായും ചോർന്നോ എന്നതും ഇപ്പോൾ ഒരു സംശയം ആണ്. ബ്രാഞ്ച് ഐജി എസ് ശ്രീജിത്തിന് നിർമ്മാതാവായ ആന്റോ ജോസഫ് പരാതി നൽകി. സ്റ്റുഡിയോകളിൽ സൗണ്ട് മിക്സ് ചെയ്തു കൊണ്ടാണ് കോപ്പി സൂക്ഷിച്ചിരുന്നത്. ഇതുപോലെ പത്തോളം സിനിമകളും സ്റ്റുഡിയോകളിൽ ഉണ്ട്. അവയുടെ സുരക്ഷയും ഇപ്പോൾ ആശങ്കയിലാണ്.