പ്രണയത്തിന്റെ പല മനോഹര കാഴ്ചകളും കണ്ടിട്ടുള്ളവരാണ് നമ്മൾ മലയാളികൾ. മറ്റുള്ളവർക്ക് മാതൃകയാകുന്ന അത്തരം പ്രണയങ്ങൾക്ക് മലയാളി എന്നും കൈയ്യടിച്ചിട്ടേ ഉള്ളു. പ്രണയത്തിന് പ്രായമോ കാലമോ ഒരു പ്രശ്നമല്ല എന്ന് തെളിയിച്ചിരിക്കുകയാണ് ഈ വൃദ്ധ ദമ്പതികൾ.
തൃശ്ശൂർ വ്യദ്ധസദനത്തിൽ അന്തേവാസികളായ ലക്ഷ്മി അമ്മാളും കൊച്ചനിയനും വിവാഹിതരായി. 22 വർഷത്തെ പ്രണയത്തിന് ശേഷമാണ് ഇരുവരും വിവാഹിതരായത്. വൃദ്ധസദനത്തിൽ തയ്യാറാക്കിയ കതിർ മണ്ഡപത്തിലായിരുന്നു ചടങ്ങുകൾ. ലക്ഷ്മി അമ്മാളിന്റെ ഭർത്താവ് 22 വർഷങ്ങൾക്ക് മുൻപ് മരിച്ചു പോയതാണ്. കൊച്ചനിയന്റെയും ഭാര്യ നേരത്തെ മരിച്ചു പോയി. കൊച്ചനിയൻ നേരത്തെ ലക്ഷ്മി അമ്മാളിന് ഒരു ജീവിതം നൽകാമെന്ന് പറഞ്ഞിരുന്നെങ്കിലും അന്ന് ലക്ഷ്മി അമ്മാൾ അതിന് സമ്മതം മൂളിയിരുന്നില്ല. ഒന്നര വർഷം മുൻപാണ് ലക്ഷ്മി അമ്മാൾ വൃദ്ധസദനത്തിൽ എത്തിയത്. പിന്നാലെ രോഗാവസ്ഥയിൽ കൊച്ചനിയനും എത്തി. വൃദ്ധസദനത്തിലെ അംഗങ്ങൾ സ്വരുക്കൂട്ടിയ പണം കൊണ്ടാണ് താലി വാങ്ങിച്ചത്.