സോഷ്യൽ മീഡിയയിൽ ഇപ്പോൾ ചർച്ചയാകുന്നത് കോളാമ്പി എന്ന ചിത്രമാണ്. പ്രശസ്ത മലയാള സംവിധായകൻ ടി കെ രാജീവ് കുമാർ സംവിധാനം ചെയ്ത ചിത്രമാണ് കോളാമ്പി. എം ടാകീസ് എന്ന പുത്തൻ ഒടിടി പ്ലാറ്റ്ഫോമിൽ നേരിട്ട് റിലീസ് ചെയ്ത ഈ ചിത്രം ചുരുങ്ങിയ ദിവസങ്ങൾ കൊണ്ട് തന്നെ ഗംഭീര പ്രേക്ഷക – നിരൂപക പ്രശംസയാണ് നേടിയെടുക്കുന്നത്.
കോളാമ്പികള്‍ ശബ്ദിക്കുന്ന അതിരുകള്‍ ഇല്ലാത്ത ലോകത്തിനായ് കാത്തിരിക്കുന്ന ഒരാളുടെ കഥയാണ് ‘കോളാമ്പി’.
പാട്ട് കാപ്പിക്കട നടത്തുന്ന രൺജി പണിക്കരുടെ വൃദ്ധകഥാപാത്രവും രോഹിണിയുടെ സുന്ദരാംബളും തമ്മിലുള്ള ഹൃദയബന്ധത്തിന്റെ കഥ കൂടിയാണ് കോളാമ്പി. കോളാമ്പികളെ ജീവിതമായി കാണുന്ന ഒരു കഥാപാത്രമായാണ് ചിത്രത്തിൽ രൺജി പണിക്കർ എത്തുന്നത്. പാട്ട് എഴുതി ആവശ്യപ്പെടുന്ന ആളിന് ഗ്രാമഫോണിലൂടെ ഒരു പാട്ടിനൊപ്പം കാപ്പിയും നൽകും എന്നതാണ് പാട്ട് കാപ്പിക്കടയിലേക്ക് ആളുകളെ ആകർഷിക്കുന്നത്.
ജീവിതത്തെ എത്രമേൽ പ്രണയം ആസ്വാദ്യമാക്കുന്നുവെന്ന് സിനിമ വ്യക്തമാക്കുന്നു. കോളാമ്പിയിലെ വൃദ്ധ കഥാപാത്രത്തെ കൈയൊതുക്കത്തോടെ രൺജി പണിക്കർ മനോഹരമാക്കുന്നു. രോഹിണി, നിത്യാ മേനോന്, ജി. സുരേഷ്കുമാര്‍, പി. ബാലചന്ദ്രന് എന്നിവരാണ് ചിത്രത്തിലെ മറ്റ് അഭിനേതാക്കൾ. എസ് രവിവർമൻ ആണ് ഛായാഗ്രഹണം. ശബ്ദസംവിധാനം റസൂൽ പൂക്കുട്ടിയാണ്.