കൂടത്തായിയിലെ 6 പേരുടെ നടുക്കുന്ന കൊലപാതകങ്ങള്‍ക്ക് പിന്നാലെയാണ് പോലീസും കേരളവും. ജോളി എന്ന പേര് കുപ്രസിദ്ധമായിരിക്കുന്നു. കേരളത്തിലെ ടെലിവിഷൻ-പത്ര മാധ്യമങ്ങളിൽ ഇതുമായി ബന്ധപ്പെട്ട വാർത്തകൾ കൊണ്ട് നിറഞ്ഞിരിക്കുകയാണ്. സോഷ്യൽ മീഡിയയിലും കൂടത്തായി കൊലപാതക പരമ്പരയെ മുൻനിർത്തി നിരവധി ട്രോളുകളാണ് പ്രത്യക്ഷപ്പെടുന്നത്. അതിനിടെ ജോളിയുടെ പഴയ ചില ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ്.
ഷാജുവുമായുളള ജോളിയുടെ രണ്ടാം വിവാഹത്തിന്റെ ചിത്രങ്ങളാണ് വൈറലാകുന്നത്. വിവാഹ ശേഷമുളള ചടങ്ങളുടെ ചിത്രങ്ങളടക്കമാണ് പുറത്ത് വന്നിരിക്കുന്നത്.
സിലി കൊല്ലപ്പെട്ട് ഒരു വര്‍ഷത്തിന് ശേഷമാണ് ഷാജുവും ജോളിയും വിവാഹിതരാകുന്നത്. ഇത് ജോളി തന്നെ മുന്‍കൈ എടുത്ത് നടത്തിയ വിവാഹമാണ് എന്നാണ് സൂചന. സിലിയുടെ ബന്ധുക്കള്‍ വിവാഹത്തിന് തന്നെ നിര്‍ബന്ധിച്ചു എന്നാണ് ഷാജുവിന്റെ വാദം. എന്നാല്‍ സിലിയുടെ വീട്ടുകാര്‍ ഇത് തളളിക്കളഞ്ഞു. വിവാഹ ചിത്രങ്ങളില്‍ വളരെ സന്തോഷവതിയായി നില്ക്കുന്ന ജോളിയെ കാണാം. പരസ്പരം കേക്ക് നല്‍കുന്നതും വൈന്‍ നല്‍കുന്നതും ഭക്ഷണം കഴിക്കുന്നതും അടക്കമുളള ചിത്രങ്ങളാണ് പുറത്ത് വന്നിരിക്കുന്നത്.
സിലിയുടെ മരണദിവസത്തെ ചിത്രങ്ങളും നേരത്തെ പുറത്ത് വന്നിരുന്നു. സിലിയുടെ മൃതദേഹത്തില്‍ ജോളി ചുംബിക്കുന്ന ചിത്രവും ഷാജുവും ജോളിയും ഒരുമിച്ച് സിലിക്ക് അന്ത്യ ചുംബനം നല്കുന്ന ചിത്രവും പുറത്ത് വന്നിട്ടുണ്ട്. എന്നാല്‍ ഒരുമിച്ച് അന്ത്യ ചുംബനം നല്‍കിയതില്‍ അസ്വാഭാവിക ഇല്ലെന്നും അതിനെ തെറ്റായി വ്യാഖ്യാനിക്കേണ്ടതില്ല എന്നുമാണ് ഷാജു ഇതേക്കുറിച്ച് പ്രതികരിച്ചിരിക്കുന്നത്.