നടൻ ജോജു ജോർജിന് എതിരെയുള്ള പരാതിയുമായി മുന്നോട്ടു പോകുമെന്ന് കെ പി സി സി ജനറൽ സെക്രട്ടറി ദീപ്തി മേരി വർഗീസ്. ജോജുവിന് എതിരെ നടപടി എടുത്തില്ലെങ്കിൽ സമരം ശക്തമാക്കുമെന്നും ജോജു സ്ത്രീകളെ തള്ളുകയും മോശം വാക്കുകൾ പറയുകയും ചെയ്തെന്നും ദീപ്തി പറഞ്ഞു. അതേസമയം, മാന്യതയുടെ സ്വരം പോലും ജോജുവിന് ഉണ്ടായിരുന്നില്ലെന്ന് എറണാകുളം ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസ് പ്രതികരിച്ചു. പൊലീസ് ഏകപക്ഷീയമായി കേസ് എടുക്കുന്നത് ശരിയല്ലെന്നും മുഹമ്മദ് ഷിയാസ് പറഞ്ഞു.
ഇന്ധനവില വർദ്ധനവിന് എതിരെ എറണാകുളത്ത് റോഡ് ഉപരോധിച്ചു കൊണ്ടുള്ള സമരത്തെ നടൻ ജോജു ജോർജ് പരസ്യമായി ചോദ്യം ചെയ്തിരുന്നു. ഇതിനെ തുടർന്ന് കോൺഗ്രസ് പ്രവർത്തകരും ജോജുവും തമ്മിൽ വാക്കുതർക്കം ഉണ്ടാകുകയും കോൺഗ്രസ് പ്രവർത്തകർ ജോജുവിന്റെ വാഹനം തല്ലിത്തകർക്കുകയും ചെയ്തിരുന്നു. സംഭവത്തിൽ ജോജുവിന് ആറുലക്ഷം രൂപയുടെ നഷ്ടമാണ് ഉണ്ടായത്. ജോജുവിന്റെ കൈക്കും പരുക്ക് പറ്റിയിരുന്നു.
അതേസമയം, കഴിഞ്ഞദിവസം കോൺഗ്രസ് നടത്തിയ റോഡ് ഉപരോധ സമരത്തിന് അനുമതി നൽകിയിരുന്നില്ലെന്ന് ഡി സി പി വ്യക്തമാക്കിയിട്ടുണ്ട്. സംഭവവുമായി ബന്ധപ്പെട്ട് കൂടുതൽ കോൺഗ്രസ് നേതാക്കളുടെ അറസ്റ്റ് ഉണ്ടാകുമെന്ന് കമ്മീഷണർ വ്യക്തമാക്കിയിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് മുൻ മേയർ ടോണി ചമ്മിണിക്കും മറ്റ് ഏഴു പേർക്കുമെതിരെ കേസ് എടുത്തിട്ടുണ്ട്.