ജൂലൈ 30 ന് ഭരതന് വിടപറഞ്ഞ് 21 വര്‍ഷങ്ങള്‍ തികയുമ്പോള്‍ അദ്ദേഹത്തോടൊപ്പം പ്രവര്‍ത്തിച്ച ഓര്‍മകള്‍ പങ്കുവയ്ക്കുകയാണ് നടനും ഗായകനും ഡബ്ബിങ് ആര്‍ട്ടിസ്റ്റുമായ കൃഷ്ണചന്ദ്രന്. 1978ൽ പുറത്തിറങ്ങിയ ഭരതൻ ചിത്രം രതിനിർവേദത്തിലൂടെയാണ് കൃഷ്ണചന്ദ്രൻ സിനിമ ലോകത്തേക്ക് കടന്നു വന്നത്.
“തുടക്കത്തില്‍ ഞങ്ങള്‍ കുട്ടികളുടെ കളിയും കുസൃതിയുമൊക്കെയാണ് ഷൂട്ട് ചെയ്തത്. ഒരാഴ്ചയ്ക്ക് ശേഷമാണ് ജയഭാരതി ചേച്ചി വരുന്നത്. സിനിമ തുടങ്ങിയ സമയത്ത് നായിക ആരാണെന്ന് തീരുമാനിച്ചിരുന്നില്ല. ജയഭാരതിയുടെ പേരിനൊപ്പം തന്നെ ലക്ഷ്മിയുടെ പേരും ഞങ്ങള്‍ കേട്ടിരുന്നു. ഒടുവിലാണ് ജയഭാരതിയാണ് നായിക എന്നറിയുന്നത്. ജയഭാരതി ചേച്ചി വന്ന സമയത്ത് മരത്തില്‍ നിന്ന് പക്ഷിയുടെ മുട്ടയെടുക്കുന്ന രംഗമൊക്കെയാണ് ആദ്യം ചിത്രീകരിച്ചത്. എന്നാല്‍ അടുത്തിഴകി അഭിനയിക്കേണ്ടി വന്ന സമയം വന്നപ്പോള്‍ എനിക്ക് പേടിയുണ്ടായിരുന്നു. ജയഭാരതി ചേച്ചിയെ കെട്ടിപ്പിടിക്കുന്ന സീനുണ്ട്. ഔട്ട്ഡോര്‍ ഷൂട്ടായിരുന്നു. നാട്ടുകാര്‍ മുഴുവന്‍ നോക്കി നില്‍ക്കുകയാണ്. ഇത്രയും വലിയ നടി, ഞാന്‍ എങ്ങനെ കെട്ടിപ്പിടിക്കും, അവര്‍ക്ക് എന്തു തോന്നും എന്ന ചിന്തകളൊക്കെയായിരുന്നു. എന്നാല്‍ ഭരതേട്ടന് കളിയാക്കി കളിയാക്കി എന്നിലെ ചമ്മലും പേടിയും മാറ്റിയെടുത്തു. ഭരതേട്ടനും പത്മരാജേട്ടനും നല്കിയ ധൈര്യത്തിന്റെ പുറത്താണ് ഞാന്‍ അഭിനയിച്ചത്.”