തെരഞ്ഞെടുപ്പ് തിരക്കുകള്‍ക്കിടയിലും വണ്‍ സിനിമ കാണാന്‍ കുടുംസമേതമെത്തി തിരുവനന്തപുരം മണ്ഡലത്തിലെ എന്‍ഡിഎ സ്ഥാനാര്‍ഥി ജി.കൃഷ്ണകുമാര്‍. ഭാര്യ സിന്ധുവും മക്കളായ ഇഷാനിയും ഹന്‍സികയും നേരത്തെ എത്തിയിരുന്നു. സിനിമയില്‍ അരങ്ങേറ്റം കുറിച്ച ഇഷാനിക്കൊപ്പം കൃഷ്ണകുമാറും അഭിനയിച്ച വണ്‍ എന്ന ചിത്രത്തിന്റെ റിലീസ് ഷോ കാണാനായിരുന്നു വരവ്.
അതേ സമയം നേരത്തെ നിശ്ചയിച്ച പ്രചാരണ കേന്ദ്രങ്ങളില്‍ എത്തേണ്ടതിനാല്‍ സിനിമ കാണാനിരിക്കാതെ അദ്ദേഹം പ്രവര്‍ത്തകര്‍ക്കൊപ്പം തിയറ്ററില്‍ നിന്നു മടങ്ങി. സിനിമയുടെ രാഷ്ട്രീയം സംബന്ധിച്ച അഭ്യൂഹങ്ങള്‍ ഏറെ ഉയര്‍ന്നിരുന്നെങ്കിലും അതിലൊന്നും ഒരു അടിസ്ഥാനവുമില്ലെന്നു സിനിമ കണ്ടിറങ്ങിയ സിന്ധുവും ഇഷാനിയും പ്രതികരിച്ചു. രാഷ്ട്രീയ സിനിമയാണെങ്കിലും ഏതെങ്കിലും ഒരു രാഷ്ട്രീയ കക്ഷിക്കോ നേതാവിനോ അനുകൂലമായുള്ളതൊന്നും ഇല്ല. അദ്യാവസാനം ആസ്വദിച്ചു കാണാവുന്ന സിനിമയാണ്- സിന്ധു പറഞ്ഞു. മകള്‍ക്കൊപ്പമുള്ള ആദ്യ സിനിമയാണെങ്കിലും കൃഷ്ണ കുമാറും ഇഷാനിയും ഒരുമിച്ചുള്ള സീനുകളില്ല. മൂത്തമകള്‍ അഹാന കൃഷ്ണക്കൊപ്പം ഇതുവരെ സിനിമയില്‍ അഭിനയിച്ചിട്ടില്ല.
രമ്യ എന്ന കഥാപാത്രത്തെയാണ് മാര്‍ ഇവാനിയോസ് കോളജിലെ അവസാന വര്‍ഷ ഡിഗ്രി വിദ്യാര്‍ഥിനിയായ ഇഷാനി അവതരിപ്പിക്കുന്നത്. വിജിലന്‍സ് ഡിജിപിയായ അലക്സ് തോമസ് എന്ന കഥാപാത്രമാണ് കൃഷ്ണകുമാറിന്റേത്. മുന്‍ ഡിജിപിയും ഇപ്പോള്‍ ഇരിങ്ങാലക്കുടയിലെ എന്‍ഡിഎ സ്ഥാനാര്‍ഥിയുമായ ജേക്കബ് തോമസിനോട് സാമ്യമുള്ള കഥാപാത്രമാണിതെന്ന പ്രചാരണം ഉയര്‍ന്നിരുന്നു.