കുടുംബവിളക്ക് സീരിയലിന്റെ ആരാധകർക്ക് മറക്കാൻ കഴിയാത്ത കഥാപാത്രമാണ് അച്ഛമ്മ. എന്നാൽ ദേഷ്യത്തോടെ മാത്രമായിരിക്കും ആരാധകർ സരസ്വതി എന്ന അച്ഛമ്മയെ കണ്ടിട്ടുള്ളത്. എന്നാൽ ഈ ദേഷ്യക്കാരി അച്ഛമ്മ ഒറ്റ അഭിമുഖത്തിലൂടെ കുടുംബപ്രേക്ഷകർക്ക് പ്രിയപ്പെട്ട ആളായി മാറിയിരിക്കുകയാണ്. സീരിയലിലെ സരസ്വതി അമ്മ പ്രേക്ഷകരുടെ വെറുപ്പ് ആവോളം സമ്പാദിച്ച ആളാണെങ്കിലും സരസ്വതിയെ അവതരിപ്പിച്ച ദേവി മേനോൻ ഇത്ര സിംപിൾ ആണോയെന്നാണ് പ്രേക്ഷകർ ചോദിക്കുന്നത്.
കുടുംബവിളക്കിലെ സഹതാരം ആനന്ദ് നാരായണനൊപ്പമാണ് തന്റെ വിശേഷങ്ങള്‍ പങ്കുവെച്ച് ദേവി മേനോൻ എത്തിയത്. ആനന്ദിന്റെ യുട്യൂബ് ചാനലിലൂടെ പുറത്തുവന്ന വീഡിയോ വളരെ വേഗം തന്നെ വൈറലായി മാറി. ദേവി മേനോനോട് അവരുടെ പ്രണയകഥയെക്കുറിച്ചും ആനന്ദ് ചോദിച്ചു. താനും ഭര്‍ത്താവും ഒരുമിച്ചത് ഇന്‍ ഹരിഹര്‍ നഗറിലെ പോലെ രസകരമായൊരു പ്രണയത്തിനൊടുവിലാണെന്ന് നടി പറഞ്ഞു. അതിനെക്കുറിച്ച് ദേവി മേനോൻ പറയുന്നത് ഇങ്ങനെ, ‘ഓഫീസിന് അടുത്ത് ഒരു നായര്‍ ഫാമിലി ഉണ്ടായിരുന്നു. അവിടുത്തെ ഒരു ചേട്ടന്, പേര് രാമചന്ദ്ര നായര്‍. ഞാന്‍ ഓഫീസിലേക്ക് പോകുമ്പോഴെല്ലാം എന്നെ വായിനോക്കി നില്ക്കുമായിരുന്നു. അങ്ങനെ കുറേയായി. ഒരിക്കല്‍ എന്നോട് വന്ന് ചോദിച്ചു. ‘കുട്ടിയെ എനിക്ക് ഇഷ്ടമാണ്, കല്യാണം കഴിക്കാന്‍ താല്പര്യമുണ്ടോന്ന്. പുള്ളിക്കാരന് എന്നെ നോക്കുന്നുണ്ടെന്ന് അറിയാമായിരുന്നു. അതുകൊണ്ട് ലേശം സ്റ്റൈലായിട്ടൊക്കെ ഞാന്‍ നടക്കും. പുള്ളി ഇഷ്ടം പറയാന്‍ വന്നപ്പോള്‍ വീട്ടില്‍ സമ്മതിച്ചാല്‍ കുഴപ്പമില്ലെന്ന് അറിയിച്ചു. പിന്നെ പുള്ളിക്കാരന്റെ വീട്ടുകാരൊക്കെ വന്ന് എന്റെ വീട്ടില്‍ ചോദിച്ചു. വിവാഹനിശ്ചയത്തിന് ശേഷം ആറ് മാസം ഞങ്ങള്‍ പ്രണയിച്ച് നടന്നു. അതിന് ശേഷമാണ് വിവാഹം കഴിച്ചത്’ – ദേവി മേനോന് പറയുന്നു.
ഏതായാലും കുടുംബവിളക്കിലെ സരസ്വതിയമ്മ ഇത്രയും പാവമാണെന്ന് കരുതിയില്ലെന്ന് ആരാധകര്‍. രസകരമായ നിരവധി കമന്റുകളാണ് വീഡിയോയ്ക്ക് താഴെ വരുന്നത്. ഇത്രയും പ്രതീക്ഷിച്ചില്ലെന്നും പൊളിയായിട്ടുണ്ടെന്നും അച്ഛമ്മ ഒരു കുശുമ്പി ആയത് കൊണ്ട് ഒരു ഇഷ്ടമേ ഉണ്ടായിരുന്നില്ലെന്നും ഇപ്പോൾ ഒത്തിരി ഇഷ്ട്ടായെന്നും അങ്ങനെ പോകുന്നു കമന്റുകൾ.