മിന്നൽ മുരളിയിലെ പുതിയ പാട്ട് പുറത്തിറങ്ങി. യുട്യൂബിൽ മ്യൂസിക് 247 ചാനലിലാണ് ‘കുഗ്രാമമേ’ പാട്ട് റിലീസ് ആക്കിയിരിക്കുന്നത്. ചിത്രത്തിലെ മൂന്നാമത്തെ ഗാനമാണ് ഇപ്പോൾ പുറത്തു വിട്ടിരിക്കുന്നത്. മനു മഞ്ജിത്തിന്റെ വരികൾക്ക് സുഷിൻ ശ്യാം ആണ് സംഗീതം നൽകിയിരിക്കുന്നത്. വിപിൻ രവീന്ദ്രൻ ആണ് ആ പാട്ട് പാടിയിരിക്കുന്നത്. ചിത്രത്തിലെ മറ്റ് പാട്ടുകൾ പോലെയും ട്രയിലർ പോലെയും ഈ പാട്ടും ആരാധകർ ഏറ്റെടുത്തു കഴിഞ്ഞു.
ടോവിനോ തോമസിനെ നായകനാക്കി ബേസിൽ ജോസഫ് സംവിധാനം ചെയ്യുന്ന ചിത്രം ഡിസംബർ 24ന് ഒടിടിയിൽ റിലീസ് ചെയ്യും. നെറ്റ്ഫ്ലിക്സിലാണ് ചിത്രം റിലീസ് ചെയ്യുന്നത്. ചിത്രത്തിന്റെ ഇതുവരെ എത്തിയ മിന്നൽ മുരളി ട്രയിലറും ബോണസ് ട്രയിലറും പാട്ടുകളും ആരാധകർ ഏറ്റെടുത്തിരുന്നു. ഒരു ഗ്രാമത്തിന്റെ പശ്ചാത്തലത്തിൽ നടക്കുന്ന കഥയാണ് മിന്നൽ മുരളി പറയുന്നത്.
ചിത്രത്തിന്റെ കഥ ഒരുക്കിയിരിക്കുന്നത് മനു ജഗത് ആണ്. അരുൺ അനിരുദ്ധൻ, ജസ്റ്റിൻ മാത്യു എന്നിവർ ചേർന്നാണ് രചന നിർവഹിച്ചിരിക്കുന്നത്. ചിത്രത്തിന്റെ ഛായാഗ്രഹണം സമീർ താഹിർ ആണ്. വ്ലാഡ് റിംബർഗാണ് ചിത്രത്തിലെ പ്രധാനപ്പെട്ട രണ്ടു സംഘട്ടനങ്ങൾ സംവിധാനം ചെയ്തിരിക്കുന്നത്. വീക്കെൻഡ് ബ്ലോക്ക്ബസ്റ്റേഴ്സിന്റെ ബാനറിൽ സോഫിയ പോൾ ആണ് മിന്നൽ മുരളി നിർമിക്കുന്നത്.