മലയാളികൾക്ക് പ്രണയമെന്താണെന്ന് സിനിമയിലൂടെ അഭിനയിച്ചു കാണിച്ചു തന്ന യുവ നടനാണ് കുഞ്ചാക്കോ ബോബന്. ചാക്കോച്ചനേയും ഭാര്യ പ്രിയയേയും മകന് ഇസഹാഖിനേയുമെല്ലാം മലയാളികള് ഏറെ സ്നേഹിക്കുന്നുണ്ട്. ഏറെ വിവാദമുയർത്തിയ ചുരുളി സിനിമയുടെ കാഴ്ച തന്റെ വീട്ടിൽ മറ്റൊരു അനുഭവമായിരുന്നുവെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് ചാക്കോച്ചൻ ഇപ്പോൾ.ചുരുളിയിലെ നായകൻ ചെമ്പൻ വിനോദിനൊപ്പം മനോരമ ന്യൂസിന് നൽകിയ അഭിമുഖത്തിലാണ് ചാക്കോച്ചന്റെ ഇക്കാര്യം പറഞ്ഞത്.
ഗോവയിൽ നിന്ന് ഷൂട്ടിങ് കഴിഞ്ഞിട്ട് രാത്രി ഒന്നരയോടെയാണ് ഞാൻ വീട്ടിലെത്തിയത്. വീട്ടിലെത്തുമെന്ന് ഉൾവിളിയുള്ളത് കൊണ്ട് മോൻ ഉറങ്ങിയിട്ടില്ല. പതുക്കെ ഡോർ തുറന്ന് അകത്ത് കയറി നോക്കുമ്പോൾ പ്രിയയും മകനും ഫോണിൽ ചുരുളി കാണുന്നു. പ്രിയയുടെ ഒരു ഗുണം എന്താണെന്ന് വച്ചാൽ പ്രിയ ജനിച്ചതും തുടക്ക കാലത്ത് വളർന്നതും അബുദാബിയിലാണ്. ഇതേതോ ആദിവാസി ഭാഷയാണെന്ന രീതിയിൽ കണ്ടോണ്ടിരിക്കുകയാണ്. പുള്ളിക്കാരിക്ക് മനസിലാകുന്നില്ല. രണ്ടാൾക്കും മനസിലാകുന്നില്ല എന്നതാണ് അതിലെ തമാശ. ക്ലൈമാക്സിൽ ജീപ്പ് ചന്ദ്രനിലേക്ക് പോകുന്നത് കണ്ടതോടെ മോൻ വയലന്റായി. അമ്മാ.. ജീപ്പ് , മൂൺ.. എന്നായി. അവന് ജീപ്പ് അപ്പോൾ വേണം. ചെമ്പൻ ചേട്ടൻ സ്വന്തം ആളാണ്. സെറ്റാക്കാമെന്ന് പറഞ്ഞാണ് അവനെ സമാധാനിപ്പിച്ചത്.
അങ്കമാലി ഡയറീസ്, ഈ മ യൗ, ജല്ലിക്കെട്ട് എന്നീ സിനിമകൾ മലയാളികൾക്ക് സമ്മാനിച്ച സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരിയുടെ പുതിയ ചിത്രമാണ് ചുരുളി. എസ് ഹരീഷാണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത്. ജോജു, ചെമ്പൻ വിനോദ്, വിനയ് ഫോർട്ട്, ജാഫർ ഇടുക്കി എന്നിവരാണ് ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തുന്നത്. വിനോയ് തോമസിന്റേതാണ് കഥ. മധു നീലകണ്ഠൻ ഛായാഗ്രഹണം. ജല്ലിക്കെട്ടിന് സൗണ്ട് ഡിസൈൻ നൽകിയ രംഗനാഥ് രവി തന്നെയാണ് ഈ ചിത്രത്തിന്റെയും സൗണ്ട് ഡിസൈൻ. ദീപു ജോസഫ് ആണ് എഡിറ്റിംഗ്. സഭ്യമല്ലാത്ത രീതിയിലുള്ള സംഭാഷണങ്ങളാണ് ചിത്രത്തെ വിവാദങ്ങളിലേക്ക് വലിച്ചിഴച്ചത്.