കേരളം സാക്ഷ്യം വഹിച്ച ഏറ്റവും വലിയ രക്ഷാപ്രവർത്തനമാണ് ഇന്നലെ പാലക്കാട് നടന്നത്. മലയിടുക്കിൽ കുടുങ്ങിയ ബാബു എന്ന ചെറുപ്പക്കാരനെ രക്ഷിക്കാൻ വലിയൊരു വിഭാഗം തന്നെ കച്ചമുറുക്കി രംഗത്തെത്തി. മണിക്കൂറുകൾ നീണ്ട പരിശ്രമത്തിനൊടുവിൽ ബാബുവിനെ ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവന്നു. ബാബു കുടുങ്ങിയ മലയ്ക്ക് മലയാള സിനിമയുമായും ചില പ്രാചീന സംസ്കാരവുമായി ബന്ധമുണ്ട്.
1992ൽ മോഹൻലാൽ നായകനായി എത്തിയ യോദ്ധ’ സിനിമയ്ക്ക് വേണ്ടി ചില രംഗങ്ങൾ ചിത്രീകരിച്ചത് ബാബു കുടുങ്ങിയ മലയുടെ ഒരു ഭാഗത്തായിരുന്നു. തൈപ്പറമ്പിൽ അശോകൻ യുദ്ധ മുറകൾ പഠിക്കുന്നത് കുറുമ്പാച്ചിമലയിലാണ്. ഹിമാലയ രംഗങ്ങളായാണ് ഇത് ചിത്രീകരിച്ചത്. ഈ മലയുടെ ഒരു ഭാഗത്താണ് ബാബു കുടുങ്ങുന്നത്.
നൂറ്റാണ്ടുകളായി നടന്നു വരുന്ന വാമലകയറ്റമാണ് മറ്റൊന്ന്. തുലാമാസത്തിലെ അമാവാസി ദിനത്തിലാണ് അകത്തേത്തറയിലെ വടക്കേത്തറ ദേശത്ത് ഇത് നടന്നു വരുന്നത്. പാലക്കാട്ടുശ്ശേരി രാജ സ്വരൂപത്തിന്റെ അധിവാസ കേന്ദ്രമായ അകത്തേത്തറയിൽ രാജ്യത്തിന്റെ അതിർത്തി സംരക്ഷിക്കുന്നതിനും കൈയേറ്റങ്ങൾ ഒന്നുമില്ലെന്ന് ഉറപ്പുവരുത്തുവാനും മലമ്പുഴയിലെ കുറുമ്പാച്ചി മലയുടെ മുകളിൽ കയറി പരിശോധിക്കുമായിരുന്നു. ഒപ്പം മലമുകളിൽ പൂജ നടത്തി കൊടി നാട്ടും. ഈ ചടങ്ങിന്റെ സ്മരണക്കായി ഇന്നും എല്ലാവർഷവും വാമലകയറ്റം നടത്തി വരുന്നുണ്ട്.