കുറുപ് സിനിമ 450 സ്ക്രീനിൽ രണ്ടാഴ്ച കളിക്കുമെന്ന് ഫിയോക് പ്രസിഡന്റ് കെ വിജയകുമാർ. അഞ്ചല്ല അമ്പത് സിനിമകൾ ഒ ടി ടിയിൽ പോയാലും തിയറ്ററുകൾ നിലനിൽക്കുമെന്നും സിനിമയോ സിനിമ തിയറ്ററുകളോ ഒരു കാലത്തും ഒരു നടനെയോ സംവിധായകനെയോ കേന്ദ്രീകരിച്ചല്ല നിലനിൽക്കുന്നതെന്നും വിജയകുമാർ പറഞ്ഞു. മരക്കാർ ഉൾപ്പെടെ മോഹൻലാലിന്റെ അഞ്ച് സിനിമകൾ ഒ ടി ടിയിൽ റിലീസ് ചെയ്യുമെന്ന് നിർമാതാവ് ആന്റണി പെരുമ്പാവൂർ കഴിഞ്ഞദിവസം പറഞ്ഞിരുന്നു. ഇതിനു മറുപടിയായാണ് ഫിയോക് പ്രസിഡന്റ് ഇങ്ങനെ പറഞ്ഞത്.
ദുല്‍ഖര്‍ സല്മാന് ചിത്രം കുറുപ്പിന്റെ തിയറ്റര്‍ റിലീസിനോട് അനുബന്ധിച്ച് സിനിമയുടെ അണിയറക്കാര്‍ നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് വിജയകുമാര്‍ സംസാരിച്ചത്. കേരളത്തിലെ തിയറ്ററുകൾ സമീപകാലത്ത് കാത്തിരുന്നതും ഒരുങ്ങിയതും മരക്കാറിന് വേണ്ടിയല്ലെന്നും കുറുപ്പിനു വേണ്ടിയാണെന്നും ഏറെ പ്രതീക്ഷയോടെയാണ് തിയറ്റർ ഉടമകൾ കുറുപ്പിനെ കാണുന്നതെന്നും വിജയകുമാർ പറഞ്ഞു. തിയറ്റർ ഉടമകളുടെ മുന്നിൽ കുറുപ് നിർമാതാക്കൾ ഉപാധികളൊന്നും മുന്നോട്ടു വെച്ചിരുന്നില്ലെന്നും പരമാവധി പിന്തുണയ്ക്കണമെന്ന് മാത്രമാണ് പറഞ്ഞതെന്നും വിജയകുമാർ പറഞ്ഞു.
ഫിയോകിന്റെ തീരുമാനം കേരളത്തിലെ 450 സ്ക്രീനുകളിൽ മിനിമം രണ്ടാഴ്ച എങ്കിലും ചിത്രം ഓടിക്കാനാണെന്നും തങ്ങൾ സന്തോഷത്തോടെയാണ് അത് ചെയ്യുന്നതെന്നും വിജയകുമാർ വ്യക്തമാക്കി. പട്ടിണി കിടന്ന പതിനായിരങ്ങളുടെ പ്രാർത്ഥന ഈ ചിത്രത്തിന് ഒപ്പമുണ്ടാകും. കോർപറേറ്റുകൾക്കൊപ്പം യുവതാരങ്ങൾ നിൽക്കരുതെന്നാണ് തങ്ങളുടെ അഭ്യർത്ഥനയെന്നും വിജയകുമാർ വ്യക്തമാക്കി. നവംബർ 12നാണ് കുറുപ് റിലീസിന് എത്തുന്നത്. മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ ഭാഷകളിലാണ് ചിത്രം റിലീസ് ചെയ്യുന്നത്. ദുല്‍ഖറിന്റെ ഉടമസ്ഥതയിലുള്ള വേഫറെര്‍ ഫിലിംസും എം സ്റ്റാര്‍ എന്റര്ടൈന്മെന്റ്സും ചേര്‍ന്നാണ് ചിത്രം നിർമിച്ചിരിക്കുന്നത്.