നീണ്ട ഇടവേളയ്ക്ക് ശേഷം തിയറ്ററുകളെ ഉത്സവപ്പറമ്പാക്കി ദുൽഖർ സൽമാൻ നായകനായി എത്തിയ ചിത്രം കുറുപ്. ചിത്രം ഇന്ന് റിലീസ് ചെയ്തു. ആർപ്പുവിളിയോടെയാണ് ആരാധകർ ദുൽഖറിന്റെ ‘കുറുപി’നെ സ്വീകരിച്ചത്. കേരളത്തിൽ മാത്രം 450 തിയറ്ററുകളിലാണ് കുറുപ് റിലീസ് ചെയ്തത്. ലോകവ്യാപകമായി 1500 തിയറ്ററുകളിലാണ് ഇന്ന് കുറുപ് റിലീസ് ചെയ്യുന്നത്. കോവിഡ് പ്രതിസന്ധിക്ക് ശേഷം മലയാളത്തിൽ ആദ്യമായി റിലീസ് ചെയ്ത ബിഗ് ബജറ്റ് ചിത്രമാണ് കുറുപ്. ബുക്കിങ് ആരംഭിച്ച ആദ്യ ദിവസങ്ങളിൽ തന്നെ കുറുപിന്റെ മിക്ക ഷോകളും ഹൗസ്ഫുൾ ആയി. അതേസമയം, തിയറ്ററുകളിൽ അമ്പത് ശതമാനം ആളുകൾക്ക് മാത്രമേ പ്രവേശനം അനുവദിക്കൂ. കോവിഡ് മാനദണ്ഡം പാലിച്ചാണ് ഇത്.
പിടികിട്ടാപ്പുള്ളി സുകുമാരക്കുറുപ്പിന്റെ ജീവിതത്തെ ആസ്പദമാക്കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. കേസിന്റെ വിശദാംശങ്ങളെക്കുറിച്ച് ആളുകൾക്ക് ധാരണയുണ്ട്. അതുകൊണ്ട് തന്നെ വലിയ വെല്ലുവിളി ഏറ്റെടുത്താണ് കുറുപ് ചിത്രീകരണം പൂർത്തിയാക്കിയത്. ഇപ്പോഴും അന്വേഷണത്തിൽ ഇരിക്കുന്ന യഥാർത്ഥ സംഭവത്തിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് ചെയ്തതായതു കൊണ്ട് ഈ സിനിമയ്ക്ക് നിരവധി നിയമപ്രശ്നങ്ങൾ നേരിടേണ്ടി വന്നിട്ടുണ്ടെന്ന് സംവിധായകൻ ശ്രീനാഥ് രാജേന്ദ്രൻ തന്നെ വ്യക്തമാക്കിയിരുന്നു. തങ്ങളിൽ നിന്നുള്ള ഈ എളിയശ്രമം നിങ്ങളിലേക്ക് എത്താൻ പല കഥാപാത്രങ്ങളുടെയും പേരുകൾ മാറ്റിയിട്ടുണ്ടെന്നും സംവിധായകൻ ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിൽ വ്യക്തമാക്കിയിരുന്നു.
ജിതിൻ കെ ജോസ് കഥ ഒരുക്കിയിരിക്കുന്ന ചിത്രത്തിന്റെ തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നത് ഡാനിയേൽ സായൂജ് നായരും കെ എസ് അരവിന്ദും ചേർന്നാണ്. നിമിഷ് രവി – ഛായാഗ്രഹണം, സുഷിൻ ശ്യാം – സംഗീത സംവിധാനം, ക്രിയേറ്റീവ് ഡയറക്ടർ – വിനി വിശ്വ ലാൽ. പ്രൊഡക്ഷൻ ഡിസൈനർ – ബംഗ്ലാൻ, എഡിറ്റിംഗ് – വിവേക് ഹർഷൻ. ശോഭിത ധുലിപാലയാണ് ചിത്രത്തിലെ നായിക. ഇന്ദ്രജിത് സുകുമാരൻ, സണ്ണി വെയ്ൻ, ഷൈൻ ടോം ചാക്കോ, വിജയരാഘവൻ, പി ബാലചന്ദ്രൻ, സുരഭി ലക്ഷ്മി, ശിവജിത് പദ്മനാഭൻ തുടങ്ങിയവരും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്. ചീഫ് അസ്സോസിയേറ്റ് ഡയറക്ടർ – പ്രവീൺ ചന്ദ്രൻ, സൗണ്ട് ഡിസൈൻ – വിഘ്നേഷ് കിഷൻ രജീഷ്, മേക്കപ്പ് – റോനെക്സ് സേവ്യർ, കോസ്റ്റ്യൂംസ് – പ്രവീൺ വർമ്മ, പ്രൊഡക്ഷൻ കൺട്രോളർ – ദീപക് പരമേശ്വരൻ, പി ആർ ഒ – ആതിര ദിൽജിത്, സ്റ്റിൽസ് – ഷുഹൈബ് SBK, പോസ്റ്റർ ഡിസൈൻ – ആനന്ദ് രാജേന്ദ്രൻ & എസ്തെറ്റിക് കുഞ്ഞമ്മ.