കുറുപ് റിലീസ് ചെയ്ത് ദിവസങ്ങൾക്കുള്ളിൽ തന്നെ അമ്പതുകോടി ക്ലബിൽ കേറിയെന്ന വാർത്തയാണ് പുറത്തു വന്നിരിക്കുന്നത്. നവംബർ 12ന് റിലീസ് ചെയ്ത ചിത്രം അഞ്ചു ദിവസം കൊണ്ടാണ് 50 കോടി ക്ലബിൽ ഇടം പിടിച്ചത്. കോവിഡ് കാലഘട്ടത്തിനു ശേഷം തിയറ്ററുകളിൽ ആദ്യമായി റിലീസ് ചെയ്ത ബിഗ് ബജറ്റ് ചിത്രം കൂടി ആയിരുന്നു ദുൽഖർ സൽമാനെ നായകനാക്കി ശ്രീനാഥ് രാജേന്ദ്രൻ സംവിധാനം ചെയ്ത കുറുപ്. അതുകൊണ്ടു തന്നെ വളരെ വ്യത്യസ്തമായ രീതിയിലുള്ള പ്രമോഷൻ ആയിരുന്നു കുറുപിനു വേണ്ടി അണിയറ പ്രവർത്തകർ സ്വീകരിച്ചത്.
കേരളത്തിലെ തെരുവു വീഥികൾ മുതൽ ദുബായിലെ ബുർജ് ഖലീഫ വരെ പ്രചാരണം നീണ്ടു. കുറുപ് റിലീസ് ചെയ്യുന്നതിനു തൊട്ടു മുമ്പുള്ള ദിവസമാണ് ചിത്രത്തിന്റെ ട്രയിലർ പ്രദർശനം ബുർജ് ഖലീഫയിൽ നടന്നത്. അതിന് സാക്ഷ്യം വഹിക്കാൻ ദുൽഖർ കുടുംബത്തോടൊപ്പം ദുബായിൽ എത്തിയിരുന്നു. നിരവധി ആരാധകരായിരുന്നു ബുർജ് ഖലീഫയിലെ ട്രയിലർ പ്രദർശനം കാണാൻ തടിച്ചു കൂടിയത്. ഒരു മലയാള സിനിമയുടെ ഇത്തരത്തിലുള്ള പ്രമോഷൻ ആദ്യമായാണ് ബുർജ് ഖലീഫയിൽ നടന്നത്.
ഇപ്പോൾ ഇതാ കുറുപിനു വേണ്ടി മറ്റൊരു വ്യത്യസ്തമായ പ്രമോഷൻ ആണ് നടക്കുന്നത്. മസ്താംഗ് ജിടിയിൽ കുറുപ് റോഡ് ട്രിപ്പ് ആണ്. വ്ലോഗർ ആയ എമിൽ ജോർജ് ആണ് മസ്താംഗ് ജിടിയിൽ കുറുപ് റോഡ് ട്രിപ്പ് നടത്തുന്നത്. ദുൽഖർ സൽമാൻ യാത്ര ഫ്ലാഗ് ഓഫ് ചെയ്തു. ഫ്ലാഗ് ഓഫിനെത്തിയ ദുൽഖർ സൽമാൻ കാർ ഡ്രിഫ്റ്റ് ചെയ്ത് ആവേശം പകരുകയും ചെയ്തു. ഇതിന്റെ വീഡിയോ ഇൻസ്റ്റഗ്രാമിൽ ഷെയർ ചെയ്ത ദുൽഖർ സൽമാൻ പൊതു ഗതാഗത സംവിധാനങ്ങളിൽ ഇത്തരം സാഹസങ്ങൾക്ക് ആരാധകർ മുതിരരുതെന്ന് അഭ്യർത്ഥിക്കുകയും ചെയ്തു. ലോകമെമ്പാടുമുള്ള തിയറ്ററുകളിൽ വൻ തിരക്കാണ് കഴിഞ്ഞ ദിവസങ്ങളിൽ അനുഭവപ്പെട്ടത്. റിലീസ് ചെയ്ത ആദ്യദിവസം തന്നെ കളക്ഷൻ റെക്കോർഡുകൾ കുറുപ് തകർത്തിരുന്നു. ഒന്നാമത്തെ ദിവസത്തെ കളക്ഷനിൽ ചിത്രം റെക്കോർഡ് ഇട്ടത് ലൂസിഫർ ഉൾപ്പെടെയുള്ള ചിത്രങ്ങളെ പിന്നിലാക്കിയാണ്. ചിത്രം അമ്പതു കോടി ക്ലബിൽ കടന്നതിന്റെ സന്തോഷം ദുൽഖർ സൽമാൻ സോഷ്യൽ മീഡിയയിൽ കൂടിയാണ് പുറത്തുവിട്ടത്.