ആരാധകർ ആവേശത്തോടെ കാത്തിരിക്കുന്ന ദുൽഖർ സൽമാൻ ചിത്രം ‘കുറുപ്’ തിയറ്ററുകളിലേക്ക് എത്താൻ ഇനി മണിക്കൂറുകൾ മാത്രം. നവംബർ 12ന് ലോകമെമ്പാടുമുള്ള 1500 തിയറ്ററുകളിലായി കുറുപ് റിലീസ് ചെയ്യും. കേരളത്തിൽ മാത്രം 450 തിയറ്ററുകളിൽ റിലീസ് ചെയ്യുന്ന കുറുപ് മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ ഭാഷകളിലാണ് എത്തുന്നത്. ദുൽഖർ സൽമാന്റെ ആദ്യചിത്രം സെക്കൻഡ് ഷോയുടെ സംവിധായകൻ ശ്രീനാഥ് രാജേന്ദ്രൻ ആണ് ‘കുറുപ്’ സിനിമയുടെ സംവിധായകൻ.
അതേസമയം, സിനിമയ്ക്ക് വ്യത്യസ്ത പ്രമോഷനുമായി രംഗത്തെത്തിയിരിക്കുകയാണ് കുറുപ്പിന്റെ അണിയറപ്രവർത്തകർ. കഴിഞ്ഞദിവസം രാത്രിയിൽ ദുബായിലെ ബുർജ് ഖലീഫയിൽ ചിത്രത്തിന്റെ ട്രയിലർ പ്രദർശിപ്പിച്ചു. ദുൽഖർ സൽമാൻ ഭാര്യ അമാലിനും മകൾക്കുമൊപ്പമാണ് ബുർജ് ഖലീഫയിലെ ട്രയിലർ പ്രദർശനം കാണാനെത്തിയത്. ചിത്രത്തിലെ സഹതാരങ്ങളും അണിയറപ്രവർത്തകരും ദുബായിൽ എത്തിയിരുന്നു. നിരവധി ആരാധകരും ലോകത്തിലെ ഏറ്റവും ഉയരം കൂടിയായ കെട്ടിടമായ ബുർജ് ഖലീഫയിൽ കുറുപ്പിന്റെ ട്രയിലർ പ്രദർശിപ്പിക്കുന്നത് കാണാൻ തടിച്ചു കൂടിയിരുന്നു. ആരാധകർക്കൊപ്പം സെൽഫിയും എടുത്താണ് ദുൽഖർ മടങ്ങിയത്. ഇതിനു പുറമേ കേരളത്തിൽ തിരുവനന്തപുരം മുതൽ കാസർകോഡ് വരെ വ്യത്യസ്ത രീതിയിലുള്ള സിനിമാപ്രമോഷൻ ആണ് നടന്നത്.
കേരളത്തിൽ അങ്ങോളമിങ്ങോളം കുറുപ് സിനിമയുടെ പ്രൊമോഷൻ ആയിരുന്നു കഴിഞ്ഞദിവസം. സാധാരണക്കാരിലേക്ക് ചിത്രം എത്തിക്കുന്നതിന്റെ ഭാഗമായിട്ട് ആയിരുന്നു റോഡ് ഷോ. ‘വാണ്ടഡ് കുറുപ്’ എന്നുള്ള പോസ്റ്ററുകളും അണിയറപ്രവർത്തകർ ആളുകൾക്ക് നൽകി. കേരളത്തിന്റെ തെരുവ് വീഥികളിൽ ‘വാണ്ടഡ് കുറുപ്’ എന്ന പോസ്റ്റർ കൈയിൽ കിട്ടിയ സാധാരണക്കാരായ സെക്യൂരിറ്റി ചേട്ടനും പച്ചക്കറി വിൽക്കുന്ന ചേച്ചിയും കടയിലെ ചേട്ടൻമാരും ചേച്ചിമാരും കൊച്ചുകുട്ടികളും വരെ ആ പോസ്റ്ററുമായി ഫോട്ടോയ്ക്ക് പോസ് ചെയ്യുകയും ചെയ്തു. ഒടിടി പ്ലാറ്റ്ഫോമിൽ നിന്ന് വമ്പൻ ഓഫർ ലഭിച്ചെങ്കിലും ചിത്രം തിയറ്ററിൽ തന്നെ റിലീസ് ചെയ്യാൻ അണിയറപ്രവർത്തകർ തീരുമാനിക്കുകയായിരുന്നു. പാൻ ഇന്ത്യൻ സൂപ്പർസ്റ്റാർ ദുൽഖർ സൽമാന്റെ കരിയറിലെ ഏറ്റവും വലിയ ബജറ്റിൽ ഒരുങ്ങുന്ന ചിത്രത്തിന്റെ മുടക്കുമുതൽ 35 കോടിയാണ്. വേഫറെർ ഫിലിംസും എം സ്റ്റാർ എന്റർടൈൻമെൻറ്സും ചേർന്നാണ് ചിത്രം നിർമിക്കുന്നത്. ചിത്രത്തിന്റെ ആറുമാസം നീണ്ടുനിന്ന ഷൂട്ടിംഗ് കേരളം, അഹമ്മദാബാദ്, ബോംബെ, ദുബായ്, മാംഗ്ളൂർ, മൈസൂർ എന്നിവിടങ്ങളിലായാണ് പുരോഗമിച്ചത്. ചിത്രത്തിന്റെ ഷൂട്ടിങ്ങിനായി 105 ദിവസങ്ങൾ പൂർണമായും ചിലവഴിച്ചു.
ജിതിൻ കെ ജോസ് കഥ ഒരുക്കിയിരിക്കുന്ന ചിത്രത്തിന്റെ തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നത് ഡാനിയേൽ സായൂജ് നായരും കെ എസ് അരവിന്ദും ചേർന്നാണ്. നിമിഷ് രവി – ഛായാഗ്രഹണം, സുഷിൻ ശ്യാം – സംഗീത സംവിധാനം, ക്രിയേറ്റീവ് ഡയറക്ടർ – വിനി വിശ്വ ലാൽ. പ്രൊഡക്ഷൻ ഡിസൈനർ – ബംഗ്ലാൻ, എഡിറ്റിംഗ് – വിവേക് ഹർഷൻ. ശോഭിത ധുലിപാലയാണ് ചിത്രത്തിലെ നായിക. ഇന്ദ്രജിത് സുകുമാരൻ, സണ്ണി വെയ്ൻ, ഷൈൻ ടോം ചാക്കോ, വിജയരാഘവൻ, പി ബാലചന്ദ്രൻ, സുരഭി ലക്ഷ്മി, ശിവജിത് പദ്മനാഭൻ തുടങ്ങിയവരും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്. ചീഫ് അസ്സോസിയേറ്റ് ഡയറക്ടർ – പ്രവീൺ ചന്ദ്രൻ, സൗണ്ട് ഡിസൈൻ – വിഘ്നേഷ് കിഷൻ രജീഷ്, മേക്കപ്പ് – റോനെക്സ് സേവ്യർ, കോസ്റ്റ്യൂംസ് – പ്രവീൺ വർമ്മ, പ്രൊഡക്ഷൻ കൺട്രോളർ – ദീപക് പരമേശ്വരൻ, പി ആർ ഒ – ആതിര ദിൽജിത്, സ്റ്റിൽസ് – ഷുഹൈബ് SBK, പോസ്റ്റർ ഡിസൈൻ – ആനന്ദ് രാജേന്ദ്രൻ & എസ്തെറ്റിക് കുഞ്ഞമ്മ.