കോവിഡ് രണ്ടാം തരംഗത്തിനു ശേഷം കേരളത്തിലെ തിയറ്ററുകളിൽ ആദ്യം റിലീസ് ചെയ്ത വലിയ ബജറ്റ് ചിത്രമായിരുന്നു കുറുപ്. ഒരു ഇടവേളയ്ക്ക് ശേഷം തിയറ്റർ തുറന്നപ്പോൾ പ്രേക്ഷകെ തിയറ്ററിലേക്ക് എത്തിക്കാൻ കുറുപിന് കഴിഞ്ഞു. ചിത്രം റിലീസ് ചെയ്തതിന്റെ നാലാം വാരവും ഹൗസ്ഫുൾ പ്രദർശനങ്ങളുമായി കുറുപ് മുന്നേറുന്നതിനിടയിലാണ് ചിത്രം നെറ്റ്ഫ്ലിക്സിലും റിലീസ് ചെയ്തത്. തിയറ്ററുകളിൽ മികച്ച അഭിപ്രായം നേടി മുന്നേറിയ കുറുപ് ഇപ്പോൾ ഒടിടിയിലും ട്രെൻസിംഗ് ആണ്. ‘കുറുപ്’ മലയാളം മാത്രമല്ല മറ്റ് ഭാഷകളിൽ ഇറങ്ങിയ ‘കുറുപ്’ സിനിമയും നെറ്റ്ഫ്ലിക്സിന്റെ ട്രെൻഡിംഗ് ലിസ്റ്റിൽ ഇടം നേടി കഴിഞ്ഞു.
അതേസമയം, കുറുപ് ഒടിടിയിൽ റിലീസ് ചെയ്തതിന് പിന്നാലെ തിയറ്ററില്‍ നിന്ന് പിന്‍വലിക്കാൻ തീരുമാനിച്ചു. സിനിമയുമായുള്ള കരാര്‍ അനുസരിച്ചുള്ള തീരുമാനമാണ് അതെന്ന് ഫിയോക്ക് പ്രസിഡന്റ് കെ വിജയകുമാര്‍ നേരത്തെ ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ വ്യക്തമാക്കിയിരുന്നു. ഒ ടി ടിയില്‍ പ്രദര്‍ശിപ്പിക്കുന്നതോടെ തിയറ്ററിന്റെ പ്രസക്തി നഷ്ടപ്പെടുന്ന സാഹചര്യം ഉണ്ടാകും. അതുകൊണ്ട് തന്നെ മറ്റൊരു പ്ലാറ്റ്ഫോമിൽ ചിത്രം വരുന്നതോടുകൂടി തീയേറ്ററിൽ നിന്ന് സിനിമ സ്വാഭാവികമായി പിൻവലിയുന്ന ഘട്ടം വരുമെന്നും വിജയകുമാര്‍ വ്യക്തമാക്കിയിരുന്നു. ഏതായാലും കുറുപിന് ഒടിടിയിലും മികച്ച സ്വീകരണമാണ് ലഭിച്ചിരിക്കുകന്നതെന്നാണ് ട്രെൻഡിംഗ് ലിസ്റ്റ് കാണുമ്പോൾ വ്യക്തമാകുന്നത്.
നവംബർ 12ന് ആയിരുന്നു കുറുപ് റിലീസ് ചെയ്തത്. മികച്ച പ്രതികരണമായിരുന്നു ചിത്രത്തിന് ലഭിച്ചത്. ശ്രീനാഥ് രാജേന്ദ്രൻ സംവിധാനം ചെയ്ത ചിത്രം കോവിഡ് കാലഘട്ടത്തിനു ശേഷം തിയറ്ററുകളിലേക്ക് എത്തുന്ന ആദ്യ വലിയ ചിത്രം എന്ന പ്രത്യേകതയോടെയാണ് കുറുപ് എത്തിയത്. അതുകൊണ്ട് തന്നെ പ്രേക്ഷകർ തിയറ്ററിലേക്ക് എത്തുമോ എന്ന വലിയ ആശങ്കയും ഉണ്ടായിരുന്നു. എന്നാൽ, ആ ആശങ്കയെ അസ്ഥാനത്താക്കി പ്രേക്ഷകർ തിയറ്ററുകളിലേക്ക് എത്തുന്ന കാഴ്ച കുറുപ് മലയാള സിനിമയ്ക്ക് കാണിച്ചു കൊടുത്തു.