ആദ്യദിന കളക്ഷനില്‍ മലയാള സിനിമയില്‍ റെക്കോഡിട്ട് ‘കുറുപ്പ്’. ഇതുവരെയുള്ള റെക്കോര്‍ഡുകള്‍ ചിത്രം തകര്‍ത്തെന്നാണ് നിര്‍മ്മാതാക്കള്‍ പറയുന്നത്. കേരളത്തില്‍ നവംബര്‍ 12ന് ദുല്‍ഖര്‍ സല്മാന് ചിത്രം കുറുപ്പ് 505 സ്ക്രീനില്‍ 2600ലേറെ ഷോകളാണ് നടത്തിയത്. 12 മണിക്ക് ശേഷവും കേരളത്തിലെ പ്രധാന കേന്ദ്രങ്ങളിലെല്ലാം അഡീഷണല്‍ ഷോ നടന്നു. ചിത്രത്തിന്റെ ആദ്യ ദിന ഗ്രോസ് കളക്ഷന്‍ കേരളത്തില്‍ മാത്രം ആറ് കോടി മുപ്പത് ലക്ഷം രൂപയാണെന്ന് വേഫയര്‍ പ്രൊഡക്ഷന്‍സിന്റെ ചീഫ് ഓപ്പറേഷന് ഓഫീസര്‍ ജയശങ്കര്‍ ഒരു സ്വകാര്യ ഓണ്‍ലൈന്‍ ചാനലിനോട് പറഞ്ഞത്. മോഹന്‍ലാലിനെ നായകനാക്കി പൃഥ്വിരാജ് സുകുമാരന്‍ സംവിധാനം ചെയ്ത ലൂസിഫര്‍ എന്ന സിനിമയുടെ ഫസ്റ്റ് ഡേ ഗ്രോസ് കളക്ഷനെ പിന്നിലാക്കിയാണ് കുറുപ്പിന്റെ നേട്ടം.
ഇപ്പോള്‍ കേരളത്തിലെ ബോക്സ് ഓഫീസിലെ ഭൂരിപക്ഷം റെക്കോര്‍ഡുകളും മോഹന്‍ലാലിന്റെ പേരിലാണ്. ഏറ്റവും ഉയര്‍ന്ന ഓപ്പണിംഗ് കളക്ഷന്‍, ആദ്യ 50 കോടി ചിത്രം, നൂറ് കോടി ചിത്രം, 200 കോടി ചിത്രം, ഏറ്റവും കുടുതല്‍ ഇന്‍ഡസ്ട്രി ഹിറ്റുകള്‍ ഉള്ള താരം എന്നിങ്ങനെയാണ് ആ റെക്കോഡുകള്‍.
തീയേറ്ററുകള്‍ കൊവിഡ് നിയന്ത്രണത്തിന് ശേഷം തുറക്കുമ്പോള്‍ പഴയപോലെ സജീവമാകുമോ എന്ന സംശയത്തെ അപ്രസക്തമാക്കിയിരിക്കുകയാണ് കുറുപ്പിന്റെ പ്രീ ബുക്കിംഗും ആദ്യ ദിന കളക്ഷനും.