തീയേറ്ററുകളെ കൊവിഡ് പ്രതിസന്ധിക്ക് ശേഷം സജീവമാക്കിയ ചിത്രമാണ് ദുല്‍ഖര്‍ സല്‍മാന്റെ കുറുപ്പ്. റിലീസായി അഞ്ച് ദിവസം കൊണ്ടാണ് ചിത്രം 50 കോടി ക്ലബ്ബില്‍ ഇടം നേടിയത്. എന്നാല്‍ തീയേറ്ററുകള്‍ ദുല്‍ഖറിന്റെ നിര്‍മാണ കമ്പനിയോട് വഞ്ചന കാണിച്ചെന്ന പരാതിയുമായി രംഗത്തെത്തിയിരിക്കുകയാണ് തീയേറ്റര്‍ ഉടമകളുടെ സംഘടനയായ ഫിയോക്.
50 ശതമാനം സീറ്റിങ് കപ്പാസിറ്റിയില്‍ പ്രദര്‍ശനം നടത്താനായിരുന്നു സര്‍ക്കാര്‍ അനുമതി. എന്നാല്‍ ഇതിന് വിരുദ്ധമായി പല തീയറ്ററുകളിലും കൂടുതല്‍ ആളുകളുമായി പ്രദര്‍ശനം നടത്തിയെന്ന് ചിത്രത്തിന്റെ നിര്‍മാതാക്കളുടെ പക്കല്‍ നിന്ന് പരാതി ലഭിച്ചതായി ഫിയോക് അറിയിച്ചു. കൂടുതല്‍ ആളുകളെ കയറ്റിയ തീയറ്ററുകള്‍ കളക്ഷന്‍ റെക്കോര്‍ഡുകളില്‍ ഇത് കാട്ടിയിട്ടില്ല. ഒരു സിനിമയും റിലീസ് ചെയ്യാന്‍ ധൈര്യപ്പെടാത്ത സമയത്ത് എല്ലാ തീയറ്ററുകളിലും പടം തന്ന് സഹായിച്ചവരോട് വലിയ വഞ്ചനയാണ് തീയറ്ററുകളുടെ ഭാഗത്തു നിന്നുണ്ടായതെന്നും സംഘടനാ ഭാരവാഹികള്‍ പറയുന്നു.
പടം ഓരോ ഷോ ക്ലോസ് ചെയ്ത് കഴിയുമ്പോഴും നിര്‍മാതാക്കള്‍ തരുന്ന നമ്പറിലേക്ക് കളക്ഷന്‍ വിവരങ്ങള്‍ അയച്ചു നല്‍കണമെന്നും നിര്‍ദേശമുണ്ട്. നിര്‍മാതാക്കള്‍ക്ക് തീയറ്ററുകളില്‍ വിശ്വാസം ഉണ്ടാകേണ്ടതിനും സിനിമാ വ്യവസായത്തിന്റെ നിലനില്‍പ്പിനും വേണ്ടി എല്ലാ തിയറ്ററുകളും ഇക്കാര്യത്തില്‍ സഹരിക്കണമെന്നും കുറിപ്പിലുണ്ട്. 1500 തീയറ്ററുകളിലായി നവംബര്‍ 12നായിരുന്നു കുറുപ്പ് റിലീസ് ചെയ്തത്. മലയാളത്തിന് പുറമേ തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ പതിപ്പുകളിലാണ് ചിത്രം എത്തിയത്. കേരളത്തില്‍ മാത്രം 450 തിയറ്ററുകള്‍ക്ക് മുകളില്‍ റിലീസുണ്ടായിരുന്നു. ശ്രീനാഥ് രാജേന്ദ്രന് സംവിധാനം ചെയ്ത ചിത്രം നിര്‍മിച്ചത്, ദുല്‍ഖറിന്റെ ഉടമസ്ഥതയിലുള്ള വേഫെറര്‍ ഫിലിംസും എംസ്റ്റാര്‍ എന്റര്ടെയ്ന്മെന്റ്സും ചേര്‍ന്നായിരുന്നു.