കോവിഡ് പ്രതിസന്ധി മൂലം അടച്ചുപൂട്ടിയ തീയറ്ററുകൾ വീണ്ടും തുറന്നതിന് ശേഷം തീയറ്ററുകളിൽ എത്തിയ ഏറ്റവും വലിയ റിലീസായ ദുൽഖർ സൽമാൻ ചിത്രം കുറുപ്പ് വമ്പൻ വിജയം കുറിച്ച് പ്രദർശനം തുടരുകയാണ്. കേരളത്തിൽ മാത്രമല്ല, റെസ്റ്റ് ഓഫ് ഇന്ത്യയിലും ജിസിസിയിലും എല്ലാം വമ്പൻ സ്വീകരണമാണ് ചിത്രത്തിന് ലഭിച്ചുകൊണ്ടിരിക്കുന്നത്. തമിഴ്നാട്ടിൽ ദീപാവലി റിലീസായി എത്തിയ രജനികാന്തിന്റെ അണ്ണാത്തേയും പിന്നിലാക്കിയാണ് കുറുപ്പിന്റെ കുതിപ്പ്. ഇപ്പോഴിതാ കുറുപ്പ് അൻപത് കോടിയെന്ന മാന്ത്രികസംഖ്യയിലേക്ക് അടുക്കുന്നതായാണ് റിപ്പോർട്ട്. ജിസിസിയിൽ നിന്ന് മാത്രം ഇരുപത് കോടി നേടിയ ചിത്രം കേരളത്തിൽ നിന്നും റെസ്റ്റ് ഓഫ് ഇന്ത്യയിൽ നിന്നും മുപ്പത് കോടിയോളം നേടിയിട്ടുണ്ട്. തമിഴ്നാട് – 2.75 കോടി, കർണാടക – 2.3 കോടി, ആന്ധ്രാപ്രദേശ് & തെലുങ്കാന – 2.3 കോടി, നോർത്ത് ഇന്ത്യ – 1.1 കോടി ഇങ്ങനെയാണ് കണക്കുകൾ പുറത്തുവന്നിരിക്കുന്നത്.
ദുൽഖർ സൽമാന്റെ ആദ്യചിത്രമായ സെക്കൻഡ് ഷോ ഒരുക്കിയ ശ്രീനാഥ് രാജേന്ദ്രൻ സംവിധാനം നിർവഹിച്ച കുറുപ്പ് ലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ ഭാഷകളിലാണ് പ്രേക്ഷകരിലേക്കെത്തിയത്. ദുൽഖർ സൽമാന്റെ കരിയറിലെ ഏറ്റവും വലിയ റിലീസുകളിൽ ഒന്നായിത്തീർന്നിരിക്കുകയാണ് കുറുപ്പ്. ഓൺലൈൻ പ്ലാറ്റ്ഫോമിൽ റിലീസ് ചെയ്യുവാൻ റെക്കോർഡ് തുകയുടെ ഓഫറാണ് ചിത്രത്തിന് ലഭിച്ചത്. എങ്കിലും ആ ഓഫറുകളെ അവഗണിച്ച് ചിത്രം തീയറ്ററുകളിൽ തന്നെ പ്രദർശനത്തിന് എത്തിക്കുവാനുള്ള ശ്രമത്തിന് ഇപ്പോൾ വിജയം കുറിച്ചിരിക്കുകയാണ്.
ദുൽഖറിന്റെ കരിയറിലെ തന്നെ ഏറ്റവും വലിയ ബഡ്ജറ്റിൽ ഒരുങ്ങുന്ന ചിത്രത്തിന്റെ മുടക്കുമുതൽ 35 കോടിയാണ്. ദുൽഖർ സൽമാന്റെ ഉടമസ്ഥതയിലുള്ള വേഫറെർ ഫിലിംസും എം സ്റ്റാർ എന്റർടൈൻമെൻറ്സും ചേർന്നാണ്. ജിതിൻ കെ ജോസ് കഥ ഒരുക്കിയിരിക്കുന്ന ചിത്രത്തിന്റെ തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നത് ഡാനിയേൽ സായൂജ് നായരും കെ എസ് അരവിന്ദും ചേർന്നാണ്. നിമിഷ് രവി ഛായാഗ്രഹണവും സുഷിൻ ശ്യാം സംഗീത സംവിധാനവും നിർവഹിക്കുന്നു. ക്രീയേറ്റീവ് ഡയറക്ടറായി വിനി വിശ്വ ലാലും കുറുപ്പിന് പിന്നിലുണ്ട്. കമ്മാരസംഭവത്തിലൂടെ മികച്ച പ്രൊഡക്ഷൻ ഡിസൈനുള്ള ദേശീയ അവാർഡ് കരസ്ഥമാക്കിയ ബംഗ്ലാനാണ് ചിത്രത്തിന്റെ പ്രൊഡക്ഷൻ ഡിസൈനർ. മറ്റൊരു ദേശീയ അവാർഡ് ജേതാവായ വിവേക് ഹർഷനാണ് എഡിറ്റിംഗ് നിർവഹിക്കുന്നത്.
മൂത്തോൻ എന്ന ചിത്രത്തിലൂടെ മലയാളത്തിലേക്ക് അരങ്ങേറ്റം കുറിച്ച ശോഭിത ധുലിപാലയാണ് ചിത്രത്തിലെ നായിക. ഇവരെ കൂടാതെ ഇന്ദ്രജിത് സുകുമാരൻ, സണ്ണി വെയ്ൻ, ഷൈൻ ടോം ചാക്കോ, വിജയരാഘവൻ, പി ബാലചന്ദ്രൻ, സുരഭി ലക്ഷ്മി, ശിവജിത് പദ്മനാഭൻ തുടങ്ങിയവരും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്. ചീഫ് അസ്സോസിയേറ്റ് ഡയറക്ടർ – പ്രവീൺ ചന്ദ്രൻ, സൗണ്ട് ഡിസൈൻ – വിഘ്നേഷ് കിഷൻ രജീഷ്, മേക്കപ്പ് – റോനെക്സ് സേവ്യർ, കോസ്റ്റ്യൂംസ് – പ്രവീൺ വർമ്മ, പ്രൊഡക്ഷൻ കൺട്രോളർ – ദീപക് പരമേശ്വരൻ, പി ആർ ഒ – ആതിര ദിൽജിത്, സ്റ്റിൽസ് – ഷുഹൈബ് SBK, പോസ്റ്റർ ഡിസൈൻ – ആനന്ദ് രാജേന്ദ്രൻ & എസ്തെറ്റിക് കുഞ്ഞമ്മ.