തെന്നിന്ത്യൻ ലേഡി സൂപ്പർസ്റ്റാർ നയൻതാരയുടെ ജന്മദിനം ആഘോഷമാക്കി കാമുകനും സംവിധായകനുമായ വിഘ്നേഷ് ശിവൻ. പ്രിയപ്പെട്ടവളുടെ പിറന്നാൾ ദിനം അത്രയേറെ മനോഹരമാക്കിയാണ് വിഘ്നേഷ് ആഘോഷിച്ചത്. പിറന്നാൾ ആഘോഷങ്ങളുടെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്. നയൻതാരയ്ക്ക് ജന്മദിനാശംസകൾ നേർന്ന് വിഘ്നേഷ് ഒരു കുറിപ്പും പങ്കുവെച്ചിരുന്നു. ‘ഹാപ്പി ബെർത്ത്ഡേ, കണ്മണി, തങ്കമേ, എന്റെ എല്ലാമേ.. നിനക്ക് ഒപ്പമുള്ള എന്റെ ജീവിതം നിറയെ സ്നേഹവും വാത്സല്യവും പൂർണതയും നിറഞ്ഞതാണ്. ദൈവം നിന്നെ എന്നെന്നും ഇത്ര മനോഹരിയായി നിലനിർത്തട്ടെ’ – പ്രിയപ്പെട്ടവൾക്ക് ആശംസകൾ നേർന്ന് വിഘ്നേഷ് ഇങ്ങനെ കുറിച്ചു.
കേക്ക് മുറിച്ചും പടക്കം പൊട്ടിച്ചുമായിരുന്നു നയൻതാരയുടെ പിറന്നാൾ ആഘോഷം. ഹാപ്പി ബെർത്ത്ഡേ ലേഡി സൂപ്പർസ്റ്റാർ എന്ന് എഴുതിയ കേക്കിനു പുറമേ നയൻ എന്ന് എഴുതിയ കേക്കും സർപ്രൈസ് ആയി വിഘ്നേഷ് ഒരുക്കിയിരുന്നു. സുഹൃത്തുക്കളും പിറന്നാൾ ആഘോഷത്തിനായി ഒത്തു ചേർന്നു. കേക്ക് മുറിക്കുന്നതിനു മുമ്പ് നയൻതാരയെ നെഞ്ചോട് ചേർത്ത വിഘ്നേഷ് പ്രിയപ്പെട്ടവളുടെ നെറുകയിൽ ചുംബിച്ചു. തുടർന്ന് തെന്നിന്ത്യയുടെ പ്രിയനായിക കേക്ക് മുറിച്ചു. ആഘോഷങ്ങൾ ഗംഭീരമാക്കാൻ പടക്കങ്ങളും ഉണ്ടായിരുന്നു. വിഘ്നേഷ് ശിവൻ സംവിധാനം ചെയ്ത നാനും റൗഡിതാൻ എന്ന സിനിമയിൽ അഭിനയിച്ച നയൻതാര വിഘ്നേഷുമായി പ്രണയത്തിൽ ആകുകയായിരുന്നു. നയൻതാരയുടെ പിറന്നാൾ ദിനത്തിൽ നയൻതാരയെ നായികയാക്കി വിഘ്നേഷ് സംവിധാനം ചെയ്യുന്ന ചിത്രമായ ‘കാതുവാകുള രണ്ട് കാതൽ’ എന്ന ചിത്രത്തിന്റെ പുതിയ പോസ്റ്റർ പങ്കുവെച്ചു. വിഘ്നേഷ് തന്നെയാണ് പോസ്റ്റർ പങ്കുവെച്ചത്.
View this post on Instagram
View this post on Instagram
1985ൽ തിരുവല്ലയിലെ ഒരു സാധാരണ ക്രിസ്ത്യൻ കുടുംബത്തിലാണ് നയൻതാര ജനിച്ചത്. തിരുവല്ല ബാലികാമഠം ഹൈ സ്കൂളിലും മാർത്തോമ കോളേജിലുമായി വിദ്യാഭ്യാസം പൂർത്തിയാക്കി. കൈരളി ടി വിയിലെ ഫോൺ-ഇൻ പ്രോഗ്രാം അവതരിപ്പിച്ചു കൊണ്ട് ദൃശ്യ മാധ്യമ രംഗത്തേക്ക് എത്തി. ഡയാന മറിയം കുര്യൻ എന്ന പേര് സിനിമയിലേക്ക് എത്തിയപ്പോൾ നയൻതാര എന്നാക്കി മാറ്റുകയായിരുന്നു. സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത മനസിനക്കരെ എന്ന ചിത്രത്തിൽ ജയറാമിന്റെ നായികയായി എത്തിയ നയൻതാര പിന്നെ തെന്നിന്ത്യയുടെ തന്നെ ലേഡി സൂപ്പർസ്റ്റാർ ആയി മാറുകയായിരുന്നു. ശ്രീരാമരാജ്യം എന്ന ചിത്രത്തിലെ അഭിനയത്തിനു മികച്ചനടിക്കുള്ള ആന്ധ്രാ സർക്കാരിന്റെ നന്തി പുരസ്കാരം ലഭിച്ചിട്ടുണ്ട്.