കുറച്ചു ദിവസങ്ങള്‍ക്ക് മുമ്പ് നടന് മോഹന്‍ലാലും നടി മീനയും തെലുങ്ക് താരം മോഹന്‍ബാബുവിന്റെ ആതിഥ്യം സ്വീകരിക്കാന്‍ പോയിരുന്നു. പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന ‘ബ്രോ ഡാഡി’യുടെ ഹൈദരാബാദ് ഷെഡ്യൂളിനിടെ ആയിരുന്നു അത്. മൂവരുടേയും ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. ഇപ്പോഴിതാ ഒരു സൂപ്പര്‍സ്റ്റാര്‍ എന്ന നിലയില്‍ മോഹന്‍ലാല്‍ എങ്ങനെ അനുകരണീയമായ ഒരു മാതൃകയാവുന്നു എന്ന് പറയുകയാണ് മോഹന്‍ബാബുവിന്റെ മകളും നടിയുമായ ലക്ഷ്മി മഞ്ചു.
View this post on Instagram
മോഹന്‍ലാലിനെക്കുറിച്ച് ലക്ഷ്മിയുടെ കുറിപ്പ്
‘ഒരേ സമയം സ്ക്രീനിലുള്ളിലും പുറത്തും നിങ്ങളെ അത്ഭുതപ്പെടുത്തുന്ന ഒരു താരമേയുള്ളു, അതാണ് ലാലേട്ടന്. അപൂര്‍വ്വമാണിത്. അദ്ദേഹവുമൊത്തുള്ള കഴിഞ്ഞ ഏതാനും കൂടിക്കാഴ്ചകളില്‍ എത്രയെത്ര ജീവിതപാഠങ്ങളാണ് എനിക്ക് ലഭിച്ചത്. കഴിഞ്ഞ നാല് പതിറ്റാണ്ടായി സിനിമാമേഖലയില്‍ നില്‍ക്കുമ്പോഴും വിനയാന്വിതനാവുന്നതിനെക്കുറിച്ച്, സര്‍ഗാത്മകതയോടെയും ആവേശത്തോടെയും തുടരുന്നതിനെക്കുറിച്ച്.. പാചകം, വസ്ത്രധാരണം എന്നിവയില്‍ അദ്ദേഹത്തിനുള്ള ആവേശം.. അദ്ദേഹം പാടുമ്പോഴുള്ള മാജിക്കും തെരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളും.. എക്കാലവും താങ്കള്‍ എന്നെ പ്രചോദിപ്പിച്ചിട്ടുണ്ട്. ഇപ്പോള്‍ കൂടുതല്‍ സമയം ഒപ്പം ചിലവഴിക്കുമ്പോള്‍ ഒരു സൂപ്പര്‍സ്റ്റാര്‍ എങ്ങനെ ആയിരിക്കണം എന്നതിന്റെ മാതൃകയാണ് അങ്ങെന്ന് മനസിലാവുന്നു. വിനയം, ദയ പിന്നെ വിനോദം. നിങ്ങളായിത്തന്നെ തുടര്‍ന്ന് ഞങ്ങള്‍ക്കായി വെളിച്ചം പകരുന്നതിന് നന്ദി. ഞങ്ങളുടെ കുടുംബസുഹൃത്ത് എന്ന നിലയിലെ സാന്നിധ്യത്തിനും കടപ്പാട്’
കഴിഞ്ഞ ആഴ്ചയാണ് ബ്രോ ഡാഡിയുടെ ഷൂട്ടിംഗിനിടെ മോഹന്‍ലാലും മീനയും മോഹന്‍ബാബുവിന്റെ അതിഥികളായി എത്തിയത്. സുഹൃത്ത് സമീര്‍ ഹംസയും ഒപ്പമുണ്ടായിരുന്നു. മോഹന്‍ ബാബുവിനൊപ്പം ഭാര്യ നിര്‍മ്മലയും മകളും നടിയുമായ ലക്ഷ്മി മഞ്ചുവും മകനും നടനുമായ വിഷ്ണു മഞ്ചുവും വിഷ്ണുവിന്റെ ഭാര്യ വിരാനിക്കയും ഉണ്ടായിരുന്നു. അത്താഴത്തിനു ശേഷം ചിത്രങ്ങളും എടുത്താണ് എല്ലാവരും പിരിഞ്ഞത്. പിന്നീട് സൗഹൃദ നിമിഷങ്ങളുടെ ചിത്രങ്ങള്‍ മീനയും ലക്ഷ്മി മഞ്ചുവും സോഷ്യല്‍ മീഡിയയിലൂടെ പങ്കുവച്ചിരുന്നു.