ബിജു മേനോൻ, സംസ്ഥാന ജേതാവ് നിമിഷ സജയൻ എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി ലാൽ ജോസ് ഒരുക്കുന്ന നാൽപത്തിയൊന്ന് എന്ന ചിത്രത്തിന്റെ ഷൂട്ടിങ് പൂർത്തിയായി. കണ്ണൂരിൻ്റെ പശ്ചാത്തലത്തിലാണ് ചിത്രം കഥ പറയുന്നത്. നീണ്ട താടിയും കാഷായ വേഷവുമാണ് ചിത്രത്തിൽ ബിജു മേനോൻ്റെ വേഷമെന്ന് ലൊക്കേഷൻ ചിത്രങ്ങൾ പറയുന്നു. ഒരു ദൈവ വിശ്വാസിക്കും നിരീശ്വരവാദിക്കും ഇടയിൽ നടക്കുന്ന സംഭവ വികാസങ്ങളെ ചുറ്റിപ്പറ്റിയാണ് ചിത്രത്തിൻ്റെ കഥ വികസിക്കുന്നതെന്നാണ് വിവരം. പ്രഗീഷ് പി.ജിയാണ് ചിത്രത്തിനായി തിരക്കഥ ഒരുക്കിയിരിക്കുന്നത്. സംവിധായകൻ തന്നെയാണ് ചിത്രത്തിന്റെ ചിത്രീകരണ വിശേഷങ്ങൾ പങ്ക് വെച്ചത്.
പ്രിയപ്പെട്ടവരേ, നാൽപ്പത്തിയൊന്നിന്റെ ഷൂട്ടിംഗ് പൂർത്തിയായി. ഒരു യാത്രയുടെ കഥ പറയുന്ന സിനിമയായതുകൊണ്ട് തന്നെ ഒരു പാട് സ്ഥലങ്ങളിൽ ഷൂട്ടുണ്ടായിരുന്നു. കർണ്ണാടകത്തിലെ മടിക്കേരിയിലും വാഗമണ്ണിലും വച്ച് ഇടയ്ക്കിടെ കോടമഞ്ഞ് ഇറങ്ങി വന്ന് ഒന്ന് വിരട്ടി. മാർച്ച് , ഏപ്രിൽ മാസങ്ങളുടെ ചൂട് തലശ്ശേരിയിലെ ചെമ്മൺ പാതകളെ പതിവുപോലെ പൊളളിച്ചു. ചൂടും പൊടിയും ഷൂട്ടും സമാസമം ചേർന്നതിന്റെ ഫലമായി ഞാനും ബിജുമേനോനും എന്നുവേണ്ട യൂണിറ്റിലെ മിക്കവരും പനിക്കാരായി. എങ്കിലും എല്ലാവരും ഒറ്റമനസ്സോടെ ഉറച്ചു നിന്നതു കണ്ടിട്ടാകണം ഒരു നല്ല സിനിമയെ വല്ലാതെ വലക്കണ്ടെന്ന് പ്രകൃതി തീരുമാനമെടുത്തിരുന്നുവെന്ന് തോന്നുന്നു. അറിഞ്ഞ് അനുഗ്രഹിച്ച് കൂടെനിന്ന പ്രകൃതിക്ക് , കുമാർജിയുടെ ക്യാമറയിലേക്ക് കനിഞ്ഞിറങ്ങിവന്നു നിഴലും നിലാവും തീർത്തതിന് പ്രകൃതിയോട് ആദ്യമേ നന്ദി പറയട്ടെ. സാന്നിദ്ധ്യം കൊണ്ടും പ്രാർത്ഥനകൊണ്ടും മനസ്സുകൊണ്ടും ഒപ്പം നിന്ന ഏവർക്കും നന്ദി.🙏🏿🙏🏿🙏🏿 കൂടുതൽ വിവരങ്ങൾ പിന്നാലെ അറിയിക്കാം😀