മലയാള സിനിമയുടെ മുത്തച്ഛൻ ഉണ്ണികൃഷ്ണൻ നമ്പൂതിരിയുടെ വിയോഗത്തിൽ മലയാള സിനിമ ലോകം ദുഃഖാർത്തരാണ്. ഉണ്ണികൃഷ്ണൻ നമ്പൂതിരിയുമൊത്ത് കല്യാണരാമനിൽ അഭിനയിച്ച അനുഭവം വെളിപ്പെടുത്തിയിരിക്കുകയാണ് നടനും സംവിധായകനും തിരക്കഥാകൃത്തുമായ ലാൽ.
ഉണ്ണികൃഷ്ണന് നമ്പൂതിരിയുടെ വിയോഗം തീരാനഷ്ടമാണ്. സിനിമാ ലോകത്തെ ഏറ്റവും സന്തോഷവാനായ വ്യക്തിയെയാണ് നഷ്ടമായത്. ഇനിയും ഏറെക്കാലം ജീവിക്കേണ്ടതായിരുന്നു അദ്ദേഹം. കല്യാണരാമന് സിനിമയില്‍ ഉണ്ണികൃഷ്ണന് നമ്പൂതിരിയുള്ള സെറ്റ് വളരെ ഊര്‍ജസ്വലമായിരുന്നു. കല്യാണരാമന്റെ സെറ്റില്‍ ഏറ്റവും ചെറുപ്പം ഉണ്ണികൃഷ്ണന് നമ്പൂതിരിയായിരുന്നു. അദ്ദേഹവും ചുറ്റിനും ഒരു കൂട്ടം ആളുകളും തമാശ പറഞ്ഞ് പൊട്ടിച്ചിരിച്ചു കൊണ്ടേയിരിക്കും. ചില കോമഡി രംഗങ്ങളൊക്കെ അദ്ദേഹത്തെ കൊണ്ട് ചെയ്യിക്കാന്‍ ബുദ്ധിമുട്ടായിരുന്നു, പക്ഷെ പറയേണ്ട താമസം അമ്പരപ്പിച്ചുകൊണ്ട് അദ്ദേഹം അത് അഭിനയിച്ചു കാണിക്കും.
‘ലാല്‍ സാറേ ഒരു ശ്ലോകം ഉണ്ട് അത് സിനിമയില്‍ ഉള്‍ക്കൊള്ളിച്ചാല്‍ സിനിമക്ക് ഐശ്വര്യം ഉണ്ടാകും’ എന്ന് ഉണ്ണികൃഷ്ണന് നമ്പൂതിരി തന്നോട് പറഞ്ഞു. അത് പാടി കേള്‍പ്പിച്ചപ്പോള്‍ അത്ഭുതപ്പെട്ടു. ‘കഥയിലെ രാജകുമാരന്’ എന്ന ഗാനത്തിന്റെ തുടക്കത്തില്‍ അത് ഉള്‍ക്കൊള്ളിച്ചിരുന്നു. ‘ചിത്രത്തിന്റെ വിജയത്തിനായി ശ്ലോകം ഉള്‍ക്കൊള്ളിച്ചതല്ലല്ലോ അറിയാതെ ഉള്‍ക്കൊള്ളിച്ചതല്ലേ, ഈ പടം വലിയ വിജയമായിരിക്കും, ഇത് എല്ലാവരും മനസ്സുകൊണ്ട് ഏറ്റെടുക്കും’ എന്ന് ഉണ്ണികൃഷ്ണന് നമ്പൂതിരി പറഞ്ഞതു പോലെ സിനിമ സൂപ്പര്‍ ഹിറ്റായി. കല്യാണരാമനെപ്പറ്റി ആര് ചോദിച്ചാലും ആദ്യം മനസ്സില്‍ വരിക അദ്ദേഹത്തിന്റെ മുഖമാണ്.