ചെറിയൊരു ഇടവേളയ്ക്ക് ശേഷമാണ് നടൻ ലാലു അലക്സ് ശ്രദ്ധേയമായ ഒരു കഥാപാത്രത്തിലൂടെ മലയാള സിനിമാപ്രേമികളുടെ മനസിലേക്ക് വീണ്ടും ഇടിച്ചു കയറിയത്. വില്ലൻ വേഷങ്ങളിലാണ് ലാലു അലക്സ് തന്റെ അഭിനയജീവിതം ആരംഭിച്ചെങ്കിലും പിന്നെ പല സിനിമകളിലും പെൺമക്കളുടെ ചങ്ക് ഡാഡിയായി അദ്ദേഹം തിളങ്ങി. ഇപ്പോൾ ഇതാ മോഹൻലാലിനെ നായകനാക്കി പൃഥ്വിരാജ് സംവിധാനം ചെയ്ത ‘ബ്രോ ഡാഡി’യിലും മികച്ച അച്ഛൻ വേഷമാണ് ലാലു അലക്സിനെ ശ്രദ്ധേയനാക്കിയിരിക്കുന്നത്. ചിത്രത്തിൽ കല്യാണി പ്രിയദർശന്റെ കഥാപാത്രത്തിന്റെ അച്ഛൻ വേഷത്തിലാണ് ലാലു അലക്സ് എത്തുന്നത്.
‘ബ്രോ ഡാഡി’ ഇറങ്ങുന്നതിനു മുമ്പ് മോഹൻലാലിന്റെയും പൃഥ്വിരാജിന്റെയും കഥാപാത്രങ്ങൾ ആയിരുന്നു ചർച്ചയെങ്കിൽ സിനിമ റിലീസ് ആയതിനു ശേഷം ലാലു അലക്സിന്റെ കഥാപാത്രമായ കുര്യൻ മാളിയേക്കലിനെക്കുറിച്ചുള്ള ചർച്ചകളാണ് സോഷ്യൽ മീഡിയയിൽ നിറയുന്നത്. കഴിഞ്ഞ കുറച്ച് കാലങ്ങളായി എവിടെ ആയിരുന്നു എന്ന ചോദ്യങ്ങളോട് താൻ വെറുതെ ഇരിക്കുകയായിരുന്നുവെന്ന് പറഞ്ഞിരിക്കുകയാണ് താരം. ഒരു അഭിമുഖത്തിൽ ലാലു അലക്സ് പറഞ്ഞിരിക്കുന്ന വാക്കുകളാണ് ശ്രദ്ധേയമാകുന്നത്.
ബ്രോ ഡാഡിയിൽ കല്യാണി പ്രിയദർശന്റെ കഥാപാത്രത്തിന്റെ അച്ഛൻ വേഷത്തിൽ ആണ് അഭിനയിച്ചതെങ്കിലും ഇത് ആദ്യമായല്ല കല്യാണിക്കൊപ്പം ലാലു അലക്സ് അഭിനയിക്കുന്നത്. ‘വരനെ ആവശ്യമുണ്ട്’ എന്ന ചിത്രത്തിൽ ശോഭനയുടെ മകളായിട്ട് ആയിരുന്നു കല്യാണി. ശോഭനയുടെ ബന്ധുവായി എത്തുന്ന ലാലു അലക്സിന്റെ കഥാപാത്രത്തിന് കല്യാണിക്കൊപ്പം ചില രംഗങ്ങളും ഉണ്ടായിരുന്നു. വരനെ ആവശ്യമുണ്ട് സിനിമയുടെ ഷൂട്ടിങ്ങ് കഴിഞ്ഞപ്പോൾ കല്യാണിയുടെ അച്ഛൻ പ്രിയദർശൻ ലാലു അലക്സിനെ വിളിച്ചു. അതും ഒരു വലിയ പരാതി പറയാൻ. ‘എന്റെ മകൾക്കൊപ്പം അഭിനയിച്ചിട്ട് നീ എന്താണ് എന്നെ വിളിച്ച് അവളുടെ അഭിനയത്തെക്കുറിച്ച് ഒന്നും പറയാതിരുന്നത്’ എന്നായിരുന്നു പ്രിയദർശന്റെ ചോദ്യം. അതേസമയം, താൻ പ്രിയദർശനെ വിളിക്കണമെന്ന് കരുതിയിരുന്നതാണെന്നും പിന്നീട് വിട്ടു പോയെന്നും ഉടൻ തന്നെ പ്രിയദർശനോട് സോറി പറഞ്ഞെന്നും ലാലു അലക്സ് വ്യക്തമാക്കി. ബിഹൈൻഡ് വുഡ്സിന് നൽകിയ അഭിമുഖത്തിലാണ് ലാലു അലക്സ് ഇക്കാര്യങ്ങൾ പറഞ്ഞത്.