ഫഹദ് ഫാസിലും സംവിധായകൻ മഹേഷ് നാരായണും ഒന്നിച്ച ബ്ലോക്ക് ബസ്റ്റർ ഹിറ്റായ ചലച്ചിത്രമാണ് ടേക്ക് ഓഫ്. ഇറാഖ് യുദ്ധകാലത്ത് ബന്ദികളായി അകപ്പെട്ട ഇന്ത്യൻ നേഴ്സുമാരെ രക്ഷപ്പെടുത്തിയ കഥ പറഞ്ഞ ചിത്രം മലയാളത്തിലെ ഏറ്റവും വലിയ ഹിറ്റ് ചിത്രങ്ങളിൽ ഒന്നാണ്. എഡിറ്ററായ മഹേഷ് നാരായണൻ ആദ്യമായി സംവിധാനം ചെയ്ത ചിത്രവും ഇതു തന്നെ. ഫഹദ് ഫാസിലിനെയും നിമിഷ സജയനെയും കേന്ദ്ര കഥാപാത്രങ്ങളാക്കി മഹേഷ് നാരായണൻ സംവിധാനം ചെയ്യുന്ന അടുത്ത ചിത്രമാണ് മാലിക്. ചിത്രത്തിന്റെ ഷൂട്ടിംഗ് നേരത്തെ ആരംഭിച്ചിരുന്നു.
മാലികിന്റെ സംഘട്ടനമൊരുക്കുന്നത് പ്രശസ്ത ഹോളിവുഡ് സംഘട്ടന സംവിധായകന് ലി വിറ്റേക്കറാണ് എന്ന വാർത്ത ആരാധകരെ കൂടുതൽ ആവേശം കൊള്ളിച്ചിരിക്കുകയാണ്. ബാഹുബലിയുടെ സ്റ്റണ്ട് ഡയറക്ടറില് ഒരാളായ ലീ വിശ്വരൂപം, സൈറാ നരസിംഹ റെഡ്ഡി, ക്യാപ്റ്റൻ മാർവൽ, എക്സ് മെൻ അപ്പോകാലിപ്സ്, ജുറാസിക് പാർക്ക്–3 തുടങ്ങിയ ചിത്രങ്ങൾക്ക് പിന്നിലും പ്രവർത്തിച്ചിട്ടുണ്ട്.
25 കോടി ബഡ്ജറ്റ് കണക്കാക്കുന്ന ഈ ബിഗ് ബഡ്ജറ്റ് ചിത്രത്തിൽ വലിയ താരനിര തന്നെയാണ് ഉള്ളത്. ബിജു മേനോൻ, വിനയ് ഫോർട്ട്, ദിലീഷ് പോത്തൻ, അപ്പനി ശരത്ത്, ഇന്ദ്രൻസ്, പഴയ സൂപ്പർ സ്റ്റാർ നായിക ജലജ എന്നിവരും ചിത്രത്തിൽ വേഷമിടുന്നു. ആന്റോ ജോസഫ് ആണ് ചിത്രം നിർമിക്കുന്നത്. ടേക്ക് ഓഫിന് തന്നെ ദേശീയ അവാർഡ് വാങ്ങിയ സന്തോഷ് രാമൻ കലാസംവിധാനവും സാനു ജോൺ വർഗീസ് ക്യാമറയും സുഷിൻ ശ്യം സംഗീതവും ചിത്രത്തിന് വേണ്ടി നിർവഹിക്കുന്നു. 2020 ഏപ്രിൽ മൂന്നിന് ചിത്രം തിയറ്ററുകളിൽ എത്തും.