എല്ലാം കഴിഞ്ഞു എന്ന് വിചാരിച്ച് നിരാശരായി നിൽക്കുമ്പോൾ അപ്രതീക്ഷിതമായി വന്ന് ചേരുന്ന രക്ഷാകരമായ ചില വ്യക്തികൾ എല്ലാവരുടെയും ജീവിതത്തിലുണ്ട്. അങ്ങനെയുള്ളൊരു അനുഭവം പങ്ക് വെച്ചിരിക്കുകയാണ് നടി ലെന. എന്നു നിന്റെ മൊയ്തീനിൽ അസോഷ്യേറ്റായിരുന്ന ജിതിൻ ലാലിന്റെ ക്ഷണമനുസരിച്ച് ഹിമാചലിലെ സ്പിറ്റി വാലിയിൽ ചിത്രീകരിച്ച ഡോക്യുമെന്ററി കം ട്രാവലോഗ് കം മ്യൂസിക് വിഡിയോയിൽ അഭിനയിക്കാൻ പോയപ്പോൾ ഉണ്ടായ സംഭവമാണ് ‘വനിത’ മാഗസിനുമായി ലെന പങ്ക് വെച്ചത്. പൃഥ്വിരാജാണ് അപ്രതീക്ഷിതമായി ലെനയുടെ രക്ഷക്കെത്തിയത്.
‘‘ആ ഷൂട്ടിങ്ങിനിടയിലും വിചിത്രമായ അനുഭവങ്ങൾ ഉണ്ടായി. റോത്തങ് കഴിഞ്ഞ് കുറേക്കൂടി പോകുമ്പോൾ റോഡിനു കുറുകേ ഐസ് ഉരുകിയുണ്ടായ ചെറിയ വെള്ളച്ചാട്ടങ്ങൾ കാണാം. അങ്ങനെയൊരു സ്ഥലത്ത് പാറക്കൂട്ടത്തിൽ ഞങ്ങളുടെ വണ്ടി പെട്ടു. എത്ര ശ്രമിച്ചിട്ടും മുന്നോട്ടോ പിറകോട്ടോ നീങ്ങുന്നേയില്ല. വൈകുന്നേരമാകുന്നു. കുടിക്കാൻ വെള്ളമോ കഴിക്കാൻ ഭക്ഷണമോ വണ്ടിയിലില്ല. രണ്ടു മാസം മുൻപ് ഹിമാലയത്തിലേക്ക് പോയതാണ് ഞാൻ. അച്ഛനെയോ അമ്മയേയോ കുടുംബക്കാരെയോ ഒന്നും ഇടയ്ക്ക് കണ്ടിട്ടുമില്ല. ഒരു നിമിഷം ആലോചിച്ചു. എന്തായിരിക്കും സംഭവിക്കുക. കണ്ണടച്ചു ദീർഘനിശ്വാസമെടുത്തു. കണ്ണു തുറന്നപ്പോൾ തൊട്ടു മുന്നിൽ പൃഥ്വിരാജ്. സ്പിറ്റി വാലിയിൽ പൃഥ്വി നിർമ്മിക്കുന്ന നയൻ എന്ന സിനിമയുടെ ഷൂട്ടിങ് കഴിഞ്ഞ് വരികയായിരുന്നു അവർ. അവരുടെ യൂണിറ്റ് വണ്ടിയിൽ തിരിച്ച് മണാലിയിൽ കൊണ്ടാക്കി. പോരും വഴി വയറു നിറച്ച് ഭക്ഷണവും തന്നു’’. ലെന പറയുന്നു.