സ്നേഹം എന്ന ജയരാജ് ചിത്രത്തിലൂടെ മലയാള സിനിമയിലേക്ക് ചുവടുവെച്ചെത്തിയ ബോൾഡ് നായികമാരിൽ ഒരാളാണ് ലെന. ഏത് പ്രായത്തിലുള്ള വേഷവും വളരെ തന്മയത്വത്തോടെ അഭിനയിച്ച് പ്രതിഫലിപ്പിക്കുന്നതിലുള്ള ലെനയുടെ കഴിവ് എടുത്തു പറയേണ്ട ഒന്നാണ്. ഇപ്പോഴും ചെറുപ്പം കൈവിടാത്തതുകൊണ്ടാണ് ലേഡി മമ്മൂട്ടി എന്നൊരു വിളിപ്പേര് ലെനയ്ക്ക് ഉള്ളത്.
ഓരോ ചിത്രത്തിനുവേണ്ടിയും വലിയ കഠിനാധ്വാനമാണ് ലെന ചെയ്യുന്നത്. ആർട്ടിക്കിൾ 21 എന്ന ലെനയുടെ ഏറ്റവും പുതിയ ചിത്രത്തിൽ വമ്പൻ മേക്കോവറിൽ ആണ് താരം എത്തുന്നത്. തെരുവിൽ ആക്രി പെറുക്കി നടക്കുന്ന താമര എന്ന കഥാപാത്രത്തെയാണ് ലെന ഈ ചിത്രത്തിൽ അവതരിപ്പിക്കുന്നത്. ഓരോ തവണയും മേക്കപ്പിന് വേണ്ടി രണ്ടുമണിക്കൂർ ചിലവഴിച്ചു എന്നും യഥാർത്ഥ തെരുവിലായിരുന്നു ഷൂട്ടിങ് എന്നും ലെന പറയുന്നു. ചിത്രത്തെ പറ്റിയും അതിലെ കഥാപാത്രത്തെ പറ്റിയും താരമിപ്പോൾ തുറന്നുപറയുകയാണ്.
ലെനയുടെ വാക്കുകൾ:
കൊച്ചിയിൽ ബ്രോഡ്വെയിൽ നല്ല തിരക്കുള്ള സമയത്തൊക്കെ ഹിഡൻ ക്യാമറവെച്ച് ഷൂട്ട് ചെയ്തിരുന്നു. ഒരു മനുഷ്യരും എന്നെ തിരിച്ചറിയാതിരുന്നത് ഞാൻ ഏറെ ആസ്വദിച്ചു. ബ്രോഡ്വെ പോലെയൊരു സ്ഥലത്ത് ആരും തിരിച്ചറിയാതെ നടക്കുമ്പോൾ കിട്ടുന്ന സ്വാതന്ത്ര്യത്തിന്റെ സുഖം പറഞ്ഞറിയിക്കാനാകില്ല. ചില കടകളിലൊക്കെ പോയി ഞാൻ വിലപേശി. അവിടെ നിന്ന് എന്നെ ഇറക്കിവിട്ടതുമൊക്കെ രസകരമായ സംഭവങ്ങളാണ്. ഒറ്റ മനുഷ്യർ പോലും തിരിഞ്ഞുനോക്കുന്നില്ലായിരുന്നു. എന്റെ ഒരു സുഹൃത്തും കസിനും എന്നെ കാണാനായി ലൊക്കേഷനിൽ വന്നിരുന്നു. എന്താണ് വേഷമെന്ന് ഞാൻ പറഞ്ഞിരുന്നില്ല. ഞാൻ മുന്നിൽ വന്ന് നിന്നിട്ട് പോലും അവർക്ക് മനസിലായില്ല. ഞാൻ ലെനയാണെന്ന് പറഞ്ഞുകഴിഞ്ഞപോഴാണ് മനസിലായത്