പൃഥ്വിരാജ് നായകനായി എത്തുന്ന ചിത്രം കടുവ റിലീസിന് ഒരുങ്ങുകയാണ്. ജൂലൈ ഏഴിനാണ് ചിത്രം റിലീസ് ചെയ്യുന്നത്. റിലീസിനു മുമ്പായി ചിത്രത്തിന്റെ പ്രമോഷന്റെ തിരക്കിലാണ് അണിയറപ്രവർത്തകർ. പ്രമോഷന്റെ ഭാഗമായി പൃഥ്വിരാജും സംഘവും ദുബായിൽ എത്തി. ദുബായിൽ ഡ്രോൺ കൊണ്ടുള്ള ലൈറ്റ് ഷോ ആണ് കടുവയുടെ പ്രമോഷന്റെ ഭാഗമായി ഒരുക്കിയിരുന്നത്. ലൈറ്റ് കൊണ്ട് ആകാശത്ത് പൃഥ്വിരാജ് പ്രൊഡക്ഷൻസ്, മാജിക് ഫ്രെയിംസ്, കടുവ എന്നിങ്ങനെയാണ് എഴുതിയത്. ചിത്രത്തിലെ പൃഥ്വിരാജിന്റെ കഥാപാത്രമായ കടുവാക്കുന്നേൽ കുറുവച്ചന്റെ ചിത്രവും ആകാശത്ത് തെളിഞ്ഞു.
ഒരു ഇടവേളക്ക് ശേഷം പൃഥ്വിരാജ് ആക്ഷൻ ഹീറോ വേഷത്തിൽ എത്തുന്ന ചിത്രം കൂടിയാണ് ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന ‘കടുവ’. പൃഥ്വിരാജിന് ഒപ്പം ബോളിവുഡ് താരം വിവേക് ഒബ്റോയിയും ചിത്രത്തിൽ പ്രധാനവേഷത്തിൽ എത്തുന്നുണ്ട്. ദുബായിലെ പ്രമോഷന് പൃഥ്വിരാജിന് ഒപ്പം വിവേക് ഒബ്റോയി, ലിസ്റ്റിൻ സ്റ്റീഫൻ, സംയുക്ത മേനോൻ എന്നിവരും എത്തിയിരുന്നു. ലൈറ്റ് ഷോയുടെ ഇടയ്ക്ക് പൃഥ്വിരാജും ലിസ്റ്റിൻ സ്റ്റീഫനും പരസ്പരം തഗ് അടിച്ചത് രംഗം കൂടുതൽ രസകരമാക്കി.
ഡ്രോൺ കൊണ്ടുള്ള ലൈറ്റ് ഷോയുടെ വീഡിയോ പൃഥ്വിരാജ് തന്നെയാണ് സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ചത്. മാജിക് ഫ്രെയിംസ്, പൃഥ്വിരാജ് പ്രൊക്ഷൻസ് എന്നിവയുടെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫനും സുപ്രിയ മേനോനും ചേർന്നാണ് കടുവ നിർമിക്കുന്നത്. ആദ്യം ജൂൺ 30ന് ആയിരുന്നു കടുവയുടെ റിലീസ് തീരുമാനിച്ചിരുന്നത്. എന്നാൽ, ചില അപ്രതീക്ഷിതമായ സാഹചര്യങ്ങൾ കൊണ്ട് റിലീസ് ജൂലൈ ഏഴിലേക്ക് മാറ്റുകയാണെന്ന് പൃഥ്വിരാജ് സോഷ്യൽ മീഡിയയിലൂടെ അറിയിക്കുകയായിരുന്നു. തമിഴ്, കന്നഡ, തെലുങ്ക്, ഹിന്ദി ഭാഷകളിലാണ് ചിത്രം പുറത്തിറങ്ങുക. ജിനു എബ്രഹാമാണ് ‘കടുവ’യുടെ രചന.