അങ്കമാലി ഡയറീസ്, ഈ മ യൗ, ജല്ലിക്കെട്ട് എന്നീ സിനിമകൾ മലയാളികൾക്ക് സമ്മാനിച്ച സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരിയുടെ പുതിയ ചിത്രം ‘ചുരുളി’യുടെ ട്രയിലർ പുറത്ത്. ‘നിനക്ക് പെരുമാടൻ ആരാണെന്ന് അറിയാമോടാ ഷാജിവാ’ എന്ന ഡയലോഗോടെയാണ് ട്രയിലർ തുടങ്ങുന്നത്. ട്രയിലർ റിലീസ് ചെയ്ത് ഒരു ദിവസം കഴിയുമ്പോൾ യുട്യൂബിൽ ട്രെൻഡിങ് ആയിരിക്കുകയാണ് ട്രയിലർ.
ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്യുന്ന ചിത്രം ഒടിടി റിലീസ് ആണ് തീരുമാനിച്ചിരിക്കുന്നത്. നവംബർ 19ന് ചിത്രം സോണി ലിവിൽ റിലീസ് ചെയ്യും. എസ് ഹരീഷാണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത്. ജോജു, ചെമ്പൻ വിനോദ്, വിനയ് ഫോർട്ട്, ജാഫർ ഇടുക്കി എന്നിവരാണ് ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തുന്നത്. വിനോയ് തോമസിന്റേതാണ് കഥ. മധു നീലകണ്ഠൻ ഛായാഗ്രഹണം. ജല്ലിക്കെട്ടിന് സൗണ്ട് ഡിസൈൻ നൽകിയ രംഗനാഥ് രവി തന്നെയാണ് ഈ ചിത്രത്തിന്റെയും സൗണ്ട് ഡിസൈൻ. ദീപു ജോസഫ് ആണ് എഡിറ്റിംഗ്.
വിവിധ രാജ്യാന്തര ചലച്ചിത്രമേളകളിൽ പ്രദർശിപ്പിച്ച് നിരൂപക പ്രശംസ നേടിയ ചിത്രമാണ് ചുരുളി. ലിജോ പെല്ലിശേരിസ് മൂവി മൊണാസ്ട്രിയും ചെമ്പോസ്കിയും ഒപസ് പെന്റയും ചേർന്നാണ് ചിത്രത്തിന്റെ നിർമാണം, ചിത്രത്തിൽ സൗബിൻ ഷാഹിറും അഭിനയിച്ചിട്ടുണ്ട്.