ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത ചിത്രം ‘ചുരുളി’ അനുകൂലവും പ്രതികൂലവുമായ പ്രതികരണങ്ങളാണ് ഏറ്റു വാങ്ങിക്കൊണ്ടിരിക്കുന്നത്. സോണി ലിവിൽ ആണ് ചിത്രം റിലീസ് ചെയ്തിരിക്കുന്നത്. അങ്കമാലി ഡയറീസ്, ആമേൻ, ഈ മ യൗ, ജല്ലിക്കെട്ട് എന്നീ ചിത്രങ്ങൾക്ക് ശേഷം ലിജോ സംവിധാനം ചെയ്തു ചിത്രമാണ് ചുരുളി. ഒടിടിയിൽ റിലീസ് ചെയ്ത ചിത്രം സോഷ്യൽ മീഡിയയിൽ പലവിധ ചർച്ചകൾക്ക് വിധേയമായിരിക്കുകയാണ്. എന്നാൽ, ഇതൊന്നുമറിയാതെ പഴനിയിൽ തന്റെ പുതിയ സിനിമയുടെ തിരക്കിലാണ് ലിജോ. ‘നൻപകൽ നേരത്ത് മയക്കം’ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിൽ മമ്മൂട്ടിയും ലിജോയ്ക്കൊപ്പം കൈ കോർക്കുന്നു എന്ന പ്രത്യേകതയും ഉണ്ട്. പഴനിയിലെ ലൊക്കേഷനിൽ നിന്നുള്ള ചിത്രങ്ങൾ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്.
മമ്മൂട്ടിയുടെ പേരിലുള്ള പുതിയ നിർമാണ കമ്പനിയുടെ പേരിലാണ് ചിത്രം നിർമിക്കുന്നത്. ലിജോയും മമ്മൂട്ടിയും ചേർന്നാണ് സിനിമ നിർമിക്കുന്നത്. പൂർണമായും തമിഴ്നാട്ടിൽ ചിത്രീകരിക്കുന്ന സിനിമ മലയാളത്തിലും തമിഴിലുമായാണ് ഒരുങ്ങുന്നത്. രണ്ട് ഭാഷകളിലെയും പുതുമുഖങ്ങൾ ആയിരിക്കും അഭിനേതാക്കളായി എത്തുക. പേരൻപ്, പുഴു എന്നീ സിനിമകൾ ഷൂട്ട് ചെയ്ത തേനി ഈശ്വറാണ് ക്യാമറ. ചിത്രത്തിൽ അശോകനും ഒരു പ്രധാനവേഷത്തിൽ അഭിനയിക്കുന്നുണ്ട്.
ലിജോയുടേതാണ് കഥ. തിരക്കഥ ഒരുക്കുന്നത് പ്രമുഖ കഥാകൃത്ത് ആയ എസ് ഹരീഷാണ്. ചുരുളിയുടെ തിരക്കഥയും എസ് ഹരീഷിന്റേതാണ്. അതേസമയം, ഒടിടി പ്ലാറ്റ്ഫോമിൽ റിലീസ് ചെയ്ത ചുരുളിക്ക് അനുകൂലവും പ്രതികൂലവുമായി നിരവധി അഭിപ്രായങ്ങളാണ് ലഭിക്കുന്നത്. ജോജു, ചെമ്പൻ വിനോദ്, വിനയ് ഫോർട്ട്, ജാഫർ ഇടുക്കി എന്നിവരാണ് ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തുന്നത്. വിനോയ് തോമസിന്റേതാണ് കഥ. മധു നീലകണ്ഠൻ ഛായാഗ്രഹണം. ജല്ലിക്കെട്ടിന് സൗണ്ട് ഡിസൈൻ നൽകിയ രംഗനാഥ് രവി തന്നെയാണ് ഈ ചിത്രത്തിന്റെയും സൗണ്ട് ഡിസൈൻ. ദീപു ജോസഫ് ആണ് എഡിറ്റിംഗ്.