ലോകം മുഴുവൻ നിശ്ചലമാക്കി തീർത്ത കോവിഡ് മഹാമാരിയും കേരളത്തെ പിടിച്ചുലച്ച പ്രളയങ്ങളുമെല്ലാം ഏറെ പ്രതികൂലമായി ബാധിച്ച ഒരു മേഖലയാണ് ചലച്ചിത്ര വ്യവസായം. ചിത്രീകരണങ്ങൾ മുടങ്ങുകയും തീയറ്ററുകളിൽ പ്രദർശനം അസാധ്യമാകുകയും ചെയ്തതോട് കൂടി സിനിമ ലോകം പൂർണമായും ഒരു മരണവീട്ടിലെ പ്രതീതിയിൽ ആയിരുന്നു. കോവിഡ് കാലത്ത് ഒടിടി റിലീസുകളും വർദ്ധിച്ചതോടെ തീയറ്റർ വ്യവസായവും തകർന്ന് തരിപ്പണമായിരുന്നു. അതിനാൽ തന്നെ കോവിഡിന് ശേഷം വന്ന 2021 എന്ന വർഷം മലയാള സിനിമ ലോകത്തെ സംബന്ധിച്ചിടത്തോളം നഷ്ടങ്ങളുടെ ഒരു വർഷം തന്നെയായിരുന്നു. ദി പ്രീസ്റ്റ്, കുറുപ്പ്, ജാനേമൻ, അജഗജാന്തരം എന്നിങ്ങനെ നാല് ഹിറ്റുകളേ ആ വർഷം മലയാള സിനിമക്ക് ലഭിച്ചുള്ളൂ.
എന്നാൽ 2022 ആയതോട് കൂടി മോളിവുഡ് വീണ്ടും വിജയപാതയിലേക്ക് പ്രവേശിച്ചിരിക്കുകയാണ്. ഈ വർഷം അവസാനിക്കുവാൻ ഇനിയും ഒന്നരമാസത്തോളം അവശേഷിക്കുമ്പോൾ ഇതുവരെ 14 ഹിറ്റുകളാണ് മലയാളത്തിന് ലഭിച്ചിരിക്കുന്നത്. ജോ ആൻഡ് ജോ, സൂപ്പർ ശരണ്യ, ഹൃദയം, ഭീഷ്മപർവ്വം, സിബിഐ 5 ദി ബ്രെയിൻ, ജന ഗണ മന, കടുവ, പാപ്പൻ, ന്നാ താൻ കേസ് കൊട്, തല്ലുമാല, പാൽതു ജാൻവർ, റോഷാക്ക്, ജയ ജയ ജയ ജയ ഹേ, കൂമൻ എന്നിവയാണ് ഹിറ്റ് സ്റ്റാറ്റസ് ഈ വർഷം നേടിയെടുത്തത്. തീയറ്ററുകളിലും ഒടിടിയിലുമായി 207 ചിത്രങ്ങളാണ് ഇതുവരെ ഈ വർഷം തീയറ്ററുകളിൽ എത്തിയത്. മികച്ച അഭിപ്രായങ്ങൾ നേടിയെങ്കിലും ചില ചിത്രങ്ങൾക്ക് തീയറ്ററുകളിൽ നിന്നും കളക്ഷൻ നേടുവാൻ സാധിച്ചില്ല.
മമ്മൂട്ടി – അമൽ നീരദ് ചിത്രം ഭീഷ്മപർവ്വമാണ് ഈ വർഷം ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ ചിത്രം. വേൾഡ് വൈഡ് 115 കോടിയാണ് ചിത്രം ഗ്രോസ് നേടിയത്. തല്ലുമാല [72 കോടി], ഹൃദയം [56 കോടി], ജന ഗണ മന [55 കോടി], കടുവ [52 കോടി], ന്നാ താൻ കേസ് കൊട് [50 കോടി], റോഷാക്ക് [42 കോടി], പാപ്പൻ [40 കോടി] എന്നിവയാണ് കൂടുതൽ കളക്ഷൻ നേടിയ മറ്റ് ചിത്രങ്ങൾ. ഒടിടി റിലീസായി എത്തിയ ഭൂതകാലം, ബ്രോ ഡാഡി, പുഴു,12ത് മാൻ, ആവാസവ്യൂഹം, അപ്പൻ തുടങ്ങിയ ചിത്രങ്ങൾക്കും പോസിറ്റീവ് പ്രതികരണങ്ങളാണ് ലഭിച്ചത്.
1744 വൈറ്റ് ആൾട്ടോ, അദൃശ്യം, വിവാഹ ആവാഹനം, ലൂയിസ്, ഷഫീക്കിന്റെ സന്തോഷം, 4 ഇയേഴ്സ്, സൗദി വെള്ളക്ക, ടീച്ചർ, ഗോൾഡ്, വീകം, കാപ്പ, തുറമുഖം, പടച്ചോനേ ഇങ്ങള് കാത്തോളീ തുടങ്ങി നിരവധി മലയാള ചിത്രങ്ങളാണ് ഈ വർഷം ഇനി തീയറ്ററുകളിൽ പ്രദർശനത്തിന് എത്തുവാൻ ഒരുങ്ങുന്നത്. അതേ സമയം ഡിസംബർ പതിനാറിന് അവതാർ 2 ഇറങ്ങുന്നത് മലയാളത്തിലെ മറ്റ് സിനിമകളുടെ കളക്ഷനെ ബാധിക്കുവാനും സാധ്യതയുണ്ട്.