വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്യുന്ന പ്രണവ് മോഹൻലാൽ ചിത്രം ഹൃദയത്തിന്റെ സെറ്റിലെ അഥിതിയെ കണ്ട് ത്രിൽ അടിച്ചിരിക്കുകയാണ് സെറ്റിലുള്ളവരെല്ലാവരും. ഇപ്പോൾ ഷൂട്ടിംഗ് പുരോഗമിക്കുന്ന വിജയ് ചിത്രം മാസ്റ്ററിന്റെ സംവിധായകൻ ലോകേഷ് കനകരാജ് ആണ് ഹൃദയത്തിന്റെ സെറ്റിൽ ഇപ്പോൾ സന്ദർശകനായി എത്തിയത്. ഇതിന്റെ ചിത്രം വിനീത് തന്നെ തന്റെ ഫേസ്ബുക്കിൽ പേജിൽ പങ്കു വെച്ചിട്ടുണ്ട്. ലോകേഷിന്റെ മാസ്റ്ററിന് എല്ലാവിധ ആശംസകളും നേരുന്നുമുണ്ട് വിനീത് തന്റെ പോസ്റ്റിലൂടെ.
വിജയ് നായകനായി എത്തുന്ന മാസ്റ്ററിന്റെ ഷൂട്ടിംഗ് ദ്രുതഗതിയിൽ പുരോഗമിക്കുകയാണ്. ലോകേഷ് കനകരാജ് ഒരുക്കുന്ന ഈ വിജയ് ചിത്രത്തിൽ വിജയ് സേതുപതി ആണ് വില്ലൻ ആയി എത്തുന്നത്. ഇവരെ കൂടാതെ മാളവിക മോഹനൻ, ശന്തനു ഭാഗ്യരാജ് എന്നിവരും അഭിനയിക്കുന്നുണ്ട്. സേവ്യർ ബ്രിട്ടോ നിർമ്മിക്കുന്ന ഈ ചിത്രം ഈ വർഷം ഏപ്രിലിൽ ആയിരിക്കും റിലീസ് ചെയ്യുക. സത്യൻ സൂര്യൻ ക്യാമറ ചലിപ്പിക്കുന്ന ഈ ചിത്രം എഡിറ്റ് ചെയ്യുന്നത് ഫിലോമിൻ രാജ് ആണ്. കൈദി എന്ന ബ്ലോക്ക്ബസ്റ്റർ കാർത്തി ചിത്രത്തിന് ശേഷം ലോകേഷ് കനകരാജ് ഒരുക്കുന്ന ചിത്രമാണിത്.
ഹൃദയത്തിൽ നായിക ആയി എത്തുന്നത് കല്യാണി പ്രിയദർശൻ ആണ്. ദർശന രാജേന്ദ്രൻ ആണ് ചിത്രത്തിലെ മറ്റൊരു പ്രധാനപ്പെട്ട കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ചിത്രത്തിൽ ഒരു ഗാനം ആലപിക്കുന്നത് യുവതാരം പൃഥ്വിരാജ് സുകുമാരനാണ്. മേരിലാണ്ട് സിനിമാസിന്റെ ബാനറിൽ വിശാഖ് സുബ്രഹ്മണ്യം ആണ് ചിത്രം നിർമ്മിക്കുന്നത്.നാൽപത് വർഷങ്ങൾക്ക് ശേഷം മേരിലാണ്ട് സിനിമാസ് സ്വതന്ത്രമായി നിർമിക്കുന്ന ചിത്രം കൂടിയായി മാറുകയാണ് ഹൃദയം. വിനീത് ശ്രീനിവാസൻ നിർമിച്ച സൂപ്പർ ഹിറ്റ് ചിത്രം ഹെലലിനെ നായകനും തിരക്കഥാകൃത്തുമായ നോബിൾ ബാബു തോമസ് ചിത്രത്തിന്റെ സഹനിർമാതാവ് കൂടിയാണ്.പ്രണവിന്റെ അടുത്ത ചിത്രം വിനീതിന്റെ കൂടെ ആയിരിക്കുമെന്ന് ഏറെ ഊഹാപോഹങ്ങൾ നേരത്തെ തന്നെ വന്നിരുന്നു. എന്നാൽ ഈ ഒഫീഷ്യൽ അന്നൗൻസ്മെന്റിലൂടെ എല്ലാ ഊഹാപോഹങ്ങൾക്കും ഒരു അവസാനമായിരിക്കുകയാണ്. ഈ വർഷം ഓണത്തിന് ചിത്രം തിയറ്ററുകളിൽ എത്തും.