റോഷൻ ആൻഡ്രൂസ് ഒരുക്കുന്ന ബ്രഹ്മാണ്ഡ നിവിൻ പോളി ചിത്രമാണ് ‘കായംകുളം കൊച്ചുണ്ണി’ .ശ്രീ ഗോകുലം ഫിലിംസിന്റെ ബാനറില്‍ ഗോകുലം ഗോപാലനാണ് ചിത്രം നിര്‍മ്മിക്കുന്നത്. ബോബി-സഞ്ജയ് ടീമാണ് കായംകുളം കൊച്ചുണ്ണിയുടെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. ചിത്രത്തില്‍ ഇത്തിക്കരപക്കിയായി മോഹന്‍ലാല്‍ എത്തുന്നു എന്ന പ്രത്യേകതയും കൂടിയുണ്ട്.
ചിത്രത്തിന് വേണ്ടി വ്യത്യസ്തമായ പ്രൊമോഷൻ പരിപാടികളാണ് അണിയറ പ്രവർത്തകർ ഒരുക്കുന്നത്.ഇതിന്റെ ഭാഗമായി കായംകുളം കൊച്ചുണ്ണിയുടെ ലുക്ക് ഔട്ട് നോട്ടീസ് കേരളത്തിൽ ഉടനീളം പതിപ്പിച്ചിരിക്കുകയാണ് അണിയറ പ്രവർത്തകർ.
കായംകുളം കൊച്ചുണ്ണിയായി വേഷമിട്ട നിവിന്റെ വരച്ച ചിത്രമാണ് റെയില്‍വെ സ്റ്റേഷനുകളില്‍ പതിച്ചിരിക്കുന്നത്. കായംകുളം, ചേര്‍ത്തല, കൊല്ലം തുടങ്ങിയ സ്റ്റേഷനുകളില്‍ ചിത്രം പതിച്ചിട്ടുണ്ട്. പ്രതിയെ പിടിക്കാനായി പൊലീസ് അറിയിപ്പ് എന്ന പോലെയാണ് ചിത്രം പ്രദര്‍ശിപ്പിച്ചിരിക്കുന്നത്.
ചിത്രത്തിൽ സണ്ണി വെയ്ന്‍, ബാബു ആന്റണി, പ്രിയ ആനന്ദ്, എന്നിവരാണ് മറ്റ് പ്രധാനവേഷങ്ങള്‍ കൈകാര്യം ചെയ്യുന്നത്. ചിത്രത്തിനായി ബിനോദ് പ്രധാന് ഛായാഗ്രഹണവും ദേശീയ പുരസ്കാര ജേതാവ് പിഎം സതീഷ് ശബ്ദമിശ്രണവും നിര്‍വ്വഹിക്കുന്നു.