നിവിൻ പോളി – നയൻതാര ജോഡി ആദ്യമായി ഒന്നിക്കുന്ന ചിത്രമെന്ന നിലയിലും ധ്യാൻ ശ്രീനിവാസന്റെ പ്രഥമ സംവിധാന സംരംഭം എന്ന നിലയിലും ഇതിനകം ഏറെ ശ്രദ്ധ പിടിച്ചു പറ്റിയ ചിത്രമാണ് ലവ് ആക്ഷൻ ഡ്രാമ. കഴിഞ്ഞ ദിവസം ഇറങ്ങിയ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററിന് വമ്പൻ സ്വീകാര്യതയാണ് ലഭിച്ചത്. ഇന്നലെ ചിത്രത്തിന്റെ സെക്കൻഡ് ലുക്ക് പോസ്റ്ററും പുറത്തിറങ്ങി. നായകൻ നിവിൻ പോളിയെ പിന്നിൽ നിർത്തി കട്ട മാസ്സ് ലുക്കിൽ അജു വർഗീസ് മുന്നിൽ നിൽക്കുന്ന പോസ്റ്ററിനെ ട്രോളന്മാർ ഏറ്റെടുത്തിരിക്കുകയാണ്. ഒരു വടക്കൻ സെൽഫിയിലെ നിവിന്റെ കഥാപാത്രം ചെയ്യുന്ന ഷോർട്ട് ഫിലിം പ്രൊഡ്യൂസ് ചെയ്യാമെന്ന അജു വർഗീസിന്റെ ഡയലോഗുകളാണ് ട്രോളന്മാർ പ്രധാനമായും എണീറ്റു പിടിച്ചിരിക്കുന്നത്.
ശ്രീനിവാസൻ,വിനീത് ശ്രീനിവാസൻ, അജു വർഗീസ്, മല്ലികാ സുകുമാരൻ, ജൂഡ് ആന്റണി,രഞ്ജി പണിക്കർ, ബിജു സോപാനം, ധന്യ ബാലകൃഷ്ണൻ,ബേസിൽ ജോസഫ്, ഗായത്രി ഷാൻ,വിസ്മയ എന്നിവരാണ് മറ്റു പ്രധാന കഥാപാത്രങ്ങൾ.ജോമോൻ ടി ജോണും റോബി രാജും ചേർന്ന് ആണ് ഛായാഗ്രഹണം നിർവഹിക്കുന്നത്. വിവേക് ഹർഷൻ എഡിറ്റിംഗ്. അജു വർഗീസ്,വിശാഖ് സുബ്രമണ്യം എന്നിവർ ചേർന്ന് ഫന്റാസ്റ്റിക് ഫിലിംസിന്റെ ബാനറിൽ നിർമ്മിക്കുന്ന ഈ ചിത്രം ഓണം റിലീസായി തിയറ്ററുകളിൽ എത്തും.