മോഹൻലാൽ നായകനായി എത്തിയ ലൂസിഫർ ഒരു മാസം പിന്നിടുമ്പോഴും റിലീസിംഗ് കേന്ദ്രങ്ങളിൽ നിറഞ്ഞ സദസ്സിൽ തന്നെ പ്രദർശനം തുടരുകയാണ്. പൃഥ്വിരാജ് സുകുമാരൻ ആദ്യമായി സംവിധായകന്റെ വേഷമണിഞ്ഞ ലൂസിഫർ മലയാള സിനിമയിലെ എക്കാലത്തെയും വലിയ ഹിറ്റ്ലേക്കാണ് നീങ്ങിക്കൊണ്ടിരിക്കുന്നത്. മുരളി ഗോപിയുടെ ഗംഭീര തിരക്കഥയും ദീപക് ദേവിന്റെ ചടുലമായ പശ്ചാത്തല സംഗീതവും ചിത്രത്തിന് പുതിയ മാനങ്ങൾ സമ്മാനിച്ചു. അടുത്തകാലത്ത് മലയാള സിനിമ കണ്ട ഏറ്റവും മികച്ച മാസ് മസാല ചിത്രമായി തീരുവാൻ ലൂസിഫറിന് ഇതിലൂടെ സാധിച്ചു .ചിത്രം തമിഴ്നാട്ടിലും ഗംഭീര വരവേൽപ്പാണ് നേടിയത്. പ്രേമത്തിന്റെ സർവകാല റെക്കോർഡ് തകർത്ത് തമിഴ്നാട്ടിലെ ഏറ്റവും വലിയ മലയാളം ഗ്രോസറായി മാറുവാൻ ലൂസിഫറിന് സാധിച്ചു .
ഇതിനിടയിൽ ലൂസിഫെറിന്റെ തമിഴ് ഡബ്ബ് പതിപ്പ് തമിഴ്നാട്ടിൽ റിലീസ് ചെയ്യുകയുണ്ടായി. ഗംഭീര റിപ്പോർട്ടുകളാണ് ചിത്രത്തിന് തമിഴ്നാട്ടിൽ നിന്നും ലഭിക്കുന്നത്.മോഹൻലാൽ സാറിന്റെ ആക്ഷൻ സീനുകൾ ഗംഭീരം ആണെന്നും പൃഥ്വിരാജിന്റെ ഡയറക്ഷൻ വേറെ ലെവൽ ആണെന്നും തമിഴ് പ്രേക്ഷകർ ഒരേ സ്വരത്തിൽ പറയുന്നു. കേരളത്തിൽ എന്നതുപോലെ തമിഴ്നാട്ടിലും കയ്യടികൾ തന്നെയാണ് തിയേറ്ററുകളിൽ സ്റ്റീഫൻ നെടുമ്പള്ളിക്ക് ഉള്ളത്. തമിഴ്നാട്ടിൽ ഒരേസമയം തന്നെ മലയാളം പതിപ്പും തമിഴ് പതിപ്പും പ്രദർശനം തുടരുന്നു എന്ന അസുലഭ കാഴ്ച കൂടി ലൂസിഫർ മലയാള സിനിമയ്ക്ക് സമ്മാനിക്കുന്നു. സത്യം സിനിമാസ് പോലെയുള്ള പ്രമുഖ തിയറ്ററുകൾ അവഞ്ചേഴ്സിന് പോലും രണ്ടു ഭാഷാ പതിപ്പിന്റെ പ്രദർശനം അനുവദിച്ചില്ല എന്നത് എത്രത്തോളം ലൂസിഫറിനെ തമിഴ് ജനത നെഞ്ചിലേറ്റി എന്നതിൻറെ സൂചനയാണ്.