മലയാള സിനിമ കണ്ട എക്കാലത്തെയും വലിയ ബോക്സ് ഓഫീസ് വിജയം സ്വന്തമാക്കിയ ചിത്രമായിരുന്നു കംപ്ലീറ്റ് ആക്ടർ മോഹൻലാൽ നായകനായ ലൂസിഫർ. പൃഥ്വിരാജ് സുകുമാരൻ ആദ്യമായി സംവിധാനം ചെയ്ത ഈ ചിത്രം ആന്റണി പെരുമ്പാവൂർ ആണ് നിർമ്മിച്ചത്. മുരളിഗോപി തിരക്കഥ രചിച്ച ഈ ചിത്രം തെലുങ്കിലേക്ക് റീമേക്ക് ചെയ്യുവാൻ പോകുന്നു എന്ന വാർത്ത ഈയിടക്കാണ് പുറത്ത് വന്നത്.
സൈറ നരസിംഹ റെഡ്ഢിയുടെ പ്രചരണാർത്ഥം കൊച്ചിയിൽ എത്തിയ ചിരഞ്ജീവിയെ സാക്ഷി നിർത്തി പൃഥ്വിരാജ് തന്നെയായിരുന്നു ഈ വാർത്ത പുറത്ത് വിട്ടത്.ഇപ്പോൾ ചിത്രത്തിന്റെ കൂടുതൽ വിവരങ്ങൾ പുറത്ത് വന്നിരിക്കുകയാണ്.
ചിത്രത്തിൽ ചിരഞ്ജീവി തന്നെയാണ് സ്റ്റീഫൻ നെടുമ്പള്ളിയുടെ വേഷം കൈകാര്യം ചെയ്യുന്നത്.സുകുമാർ ബി ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. രാം ചരൻ ചിത്രം നിർമിക്കും.എന്നാൽ ചിത്രത്തിൽ രാം ചരൻ അഭിനയിക്കുമോയെന്ന് വ്യക്തമായിട്ടില്ല.