മമ്മൂട്ടി നായകനായ ഏറ്റവും പുതിയ ചിത്രം ഉണ്ട മികച്ച അഭിപ്രായങ്ങൾ നേടിക്കൊണ്ട് തിയേറ്ററുകളിൽ മുന്നേറുകയാണ്. ചിത്രത്തിലെ ഏറ്റവും ശ്രദ്ധിക്കപ്പെട്ട കഥാപാത്രമാണ് ആദിവാസി വിഭാഗത്തിൽ നിന്നുള്ള പോലീസ് ഓഫീസറായ ബിജുകുമാർ. ‘ഇവിടുന്ന് ജീവനോടെ നാട്ടിലെത്താൻ പറ്റിയാൽ പിന്നെ ഞാനി ജോലിക്ക് കാണില്ല.. ഞാൻ ജോലി നിർത്തി പോകുവാ’എന്ന സംഭാഷണം കേൾക്കുമ്പോൾ ചില യാഥാർത്ഥ്യങ്ങൾ തിരിച്ചറിയുമ്പോഴുള്ള വേദനകൂടി നമുക്ക് ബോധ്യപ്പെടും.
മലപ്പുറം ജില്ലയിലെ ചങ്ങരംകുളം സ്വദേശി ലുക്കുമാനാണ് ഈ വേഷം കൈകാര്യം ചെയ്തത്.ഉണ്ടയിൽ പോലീസ് വേഷത്തിൽ എത്തിയ എട്ടുപേരും മികച്ച പ്രകടനങ്ങൾ കാഴ്ചവെച്ചു എങ്കിലും അതിൽ ഏറ്റവും ശ്രദ്ധിക്കപ്പെട്ടത് ലുക്മാന്റെതാണ്.ഉണ്ടയുടെ കഥാകൃത്തായ ഹർഷദ് ആദ്യമായി സംവിധാനം ചെയ്ത ദായോം പന്ത്രണ്ടും എന്ന ചിത്രത്തിലൂടെയാണ് ലുക്മാൻ സിനിമാരംഗത്തേക്ക് കടന്നുവരുന്നത്.മലബാറിന്റെ സിനിമാ ഗ്യാങ്ങായ അഷറഫ് ഹംസ, മുഹ്സിൻ പരാരി, സകരിയ്യ ,ഹർഷദ് തുടങ്ങിയവരുമായുള്ള സൗഹൃദമാണ് ലുക്ക്മാനിലെ സിനിമാ നടനെ സ്ക്രീനിൽ എത്തിച്ചത്.ലുക്മാന്റെ കുടുംബത്തിൽനിന്നും ആദ്യമൊക്കെ എതിർപ്പുകൾ ഉണ്ടായിരുന്നെങ്കിലും ഇപ്പോൾ കട്ട സപ്പോർട്ട് ആണെന്നാണ് അദ്ദേഹം പറയുന്നത്.
2014 ൽ സപ്തമ.ശ്രീ.തസ്ക്കരാ എന്ന ആദ്യ മുഖ്യധാര സിനിമയിൽ അഭിനയിച്ച ഇദ്ദേഹം പിന്നീട് സ്റ്റൈൽ, വള്ളീം തെറ്റി പുള്ളീം തെറ്റി, പോപ്പ്കോൺ, ദുൽഖർ നായകനായ കലി, ഗോദ , c/o സൈറ ബാനു, ഹദിയ, എന്നി സിനിമകളിൽ ചെറിയൊരു വേഷം ചെയ്തു.