തിരുവനന്തപുരം: പ്രശസ്ത ഗാനചരയിതാവും കവിയുമായ ബിച്ചു തിരുമല അന്തരിച്ചു. എൺപത് വയസ് ആയിരുന്നു. ഹൃദയാഘാതത്തെ തുടർന്ന് ചികിത്സയിൽ ആയിരുന്നു. വെള്ളിയാഴ്ച പുലർച്ചെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ വെച്ചായിരുന്നു അന്ത്യം. മൃതദേഹം വീട്ടിൽ എത്തിച്ചു. വൈകുന്നേരം നാലുമണിക്കാണ് സംസ്കാരം. രണ്ടു തവണ മികച്ച ഗാനരചയിതാവിനുള്ള സംസ്ഥാന പുരസ്കരം സ്വന്തമാക്കിയ ബിച്ചു തിരുമല ‘സത്യം’ എന്ന സിനിമയിൽ സംഗീത സംവിധായകനുമായി. ‘ശക്തി’ എന്ന ചിത്രത്തിനായി കഥയും സംഭാഷണവും രചിച്ച അദ്ദേഹം ‘ഇഷ്ടപ്രാണേശ്വരി’ എന്ന ചിത്രത്തിന് തിരക്കഥയും രചിച്ചു.
നാനൂറിലേറെ സിനിമകളിലായി ആയിരത്തിലേറെ ഗാനങ്ങളാണ് ബിച്ചു തിരുമല രചിച്ചത്. സിനിമാഗാനങ്ങളും ഭക്തിഗാനങ്ങളും ലളിതഗാനങ്ങളും ഉൾപ്പെടെ ഏകദേശം അയ്യായിരത്തോളം ഗാനങ്ങൾ ബിച്ചു തിരുമല രചിച്ചു. എഴുപതുകളിലും എൺപതുകളിലും മലയാളത്തിന് അത്രയധികം ഹിറ്റ് ഗാനങ്ങളാണ് ബിച്ചു തിരുമലയുടെ തൂലികയിൽ നിന്ന് ലഭിച്ചത്. ശ്യാം, എ ടി ഉമ്മർ, രവീന്ദ്രൻ, ജി ദേവരാജൻ, ഇളയരാജ തുടങ്ങിയ സംഗീതസംവിധായകരുമായി ചേർന്ന് നിരവധി ഹിറ്റ് ഗാനങ്ങൾ അദ്ദേഹം മലയാളത്തിന് സമ്മാനിച്ചു.
ബി ശിവശങ്കരൻ നായർ എന്നാണ് ബിച്ചു തിരുമലയുടെ പേര്. ബിച്ചു എന്നത് വിളിപ്പേര് ആയിരുന്നു. എന്നാൽ, പിന്നീട് അങ്ങോട്ട് ജീവിതകാലം മുഴുവൻ അദ്ദേഹം അറിയപ്പെട്ടത് ആ പേരിൽ ആയിരുന്നു. തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജില്‍നിന്ന് ബിഎ ബിരുദം നേടിയ ബിച്ചു തിരുമല 1970-ല്‍ എം. കൃഷ്ണന്‍നായര്‍ സംവിധാനം ചെയ്ത ‘ശബരിമല ശ്രീ ധര്‍മ്മശാസ്താ’ എന്ന ചിത്രത്തിൽ സഹസംവിധായകനായാണ് സിനിമയിലേക്ക് എത്തിയത്. 1942 ഫെബ്രുവരി 13ന് ശാസ്തമംഗലം പട്ടാണിക്കുന്ന് വീട്ടിൽ റുക്കുട്ടിയമ്മയുടെയും സി ജി ഭാസ്ക്കരൻ നായരുടെയും മൂത്തമകനായാണ് അദ്ദേഹത്തിന്റെ ജനനം. പിന്നണി ഗായിക സുശീലദേവി, സംഗീതസംവിധായകൻ ദർശൻ രാമൻ എന്നിവർ സഹോദരങ്ങളാണ്. പ്രസന്നയാണ് ഭാര്യ. ഏകമകൻ സുമൻ.